Flash News

ഐഎസ് അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പ് ;അന്വേഷണം തുടങ്ങി



കാസര്‍കോട്: ഇസ്‌ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മലയാളത്തില്‍ സന്ദേശം വന്നതിനെ കുറിച്ച് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. മെസേജ് ടു കേരള എന്ന ഗ്രൂപ്പില്‍ അനുമതിയില്ലാതെ ചേര്‍ക്കപ്പെട്ട അണങ്കൂര്‍ സ്വദേശിയായ ഹാരിസ് മസ്താന്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗ്രൂപ്പില്‍ ചേര്‍ത്തയുടനെ ഗ്രൂപ്പിന്റെ ലക്ഷ്യമെന്തെന്ന് ഹാരിസ് മസ്താന്‍ ചോദിച്ചിരുന്നു. ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയുടെ മറുപടി എന്ന രീതിയില്‍ ചില ശബ്ദസന്ദേശമാണ് പിന്നീട് ലഭിച്ചത്. അതോടെ വിവരം ടൗണ്‍ സിഐ സി എ അബ്ദുര്‍റഹീമിന് കൈമാറി. കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ ഇന്നലെ അണങ്കൂരിലെത്തി ഹാരിസ് മസ്താനില്‍ നിന്ന് മൊഴിയെടുത്തു. ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ല താന്‍തന്നെയാണെന്ന് സംഭാഷണത്തില്‍  വെളിപ്പെടുത്തുന്നുണ്ട്. റാഷിദിന്റെ കുടുംബാംഗങ്ങളും ഇത് സ്ഥിരീകരിച്ചു. അബൂ ഇസയാണ് ഗ്രൂപ്പ് അഡ്മിന്‍. അഫ്ഗാനിസ്താനിലെ നമ്പറില്‍ നിന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളത്. ഐഎസില്‍ ചേര്‍ന്ന 14 മലയാളികളുടെ ജീവിതത്തെ കുറിച്ചും അവരുടെ ദൈവവിശ്വാസത്തെ കുറിച്ചും പ്രകീര്‍ത്തിച്ചുള്ള സന്ദേശങ്ങളാണ് ഈ ഗ്രൂപ്പില്‍ നിന്നും പ്രധാനമായും വരുന്നത്. എന്‍ഐഎ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും 14 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പുതിയ പരാതിയും ഉള്‍ക്കൊള്ളിച്ചാണ് അന്വേഷണം നടത്തുന്നത്.
Next Story

RELATED STORIES

Share it