ഐഎസ് അനുകൂലിയെന്നു സംശയം; ആസ്‌ത്രേലിയക്കാരനെ തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലിയെന്നു സംശയിക്കുന്ന ആസ്‌ത്രേലിയക്കാരനെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു തിരിച്ചയച്ചു. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിലിറങ്ങിയ അഹ്മദ് ഫാഹിം ബിന്‍ ഹമാദ് അവാങിനെയാണു തിരിച്ചയച്ചത്. ഇയാളെ സുരക്ഷാ ഏജന്‍സികള്‍ ചോദ്യംചെയ്തിരുന്നു. അവാങിനെ പെര്‍ത്തിലേക്കു തിരിച്ചയച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇയാളുടെ ലാപ്‌ടോപ്പില്‍ ഐഎസ് പ്രചാരണ സാഹിത്യം കണ്ടെടുത്തിട്ടുണ്ട്. അവാങ് ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങളും ലാപ്‌ടോപ്പിലുണ്ട്. ഡല്‍ഹി നിസാമുദ്ദീന്‍ മേഖലയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്നാണ് അവാങ് സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍, ഇയാളുടെ മറുപടിയില്‍ അധികൃതര്‍ക്കു സംശയം തോന്നി. തുടര്‍ന്ന് അടുത്ത വിമാനത്തില്‍ അവാങിനെ തിരിച്ചയക്കുകയായിരുന്നു.
അതേസമയം, ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ സ്വദേശി അബ്ദുസമി കാസ്മിയാണ് അറസ്റ്റിലായത്. ഇതേ കേസില്‍ അറസ്റ്റിലാവുന്ന 20മത്തെയാളാണ് കാസ്മി. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഐഎസ് പ്രഖ്യാപിച്ച ഖിലാഫത്തിനെ അനുകൂലിച്ച് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നയാളാണ് കാസ്മിയെന്നു എന്‍ഐഎ വക്താവ് പ്രതികരിച്ചു.
നേരത്തേ എന്‍ഐഎ കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കാസ്മിയെ ഡല്‍ഹിയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് കാസ്മി ചെയ്യുന്നതെന്ന് എന്‍ഐഎ പറഞ്ഞു. ഇതിനായി ഇയാള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. കാസ്മി ഒരു ട്രസ്റ്റും മദ്‌റസയും നടത്തുന്നുണ്ട്. ഇയാളുടെ സ്ഥാപനങ്ങള്‍ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നു കണ്ടെത്തിയതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it