Flash News

ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

അമൃത്‌സര്‍: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടേയും പോലിസിന്റെയും സംയുക്ത ഓപറേഷനിലാണ് ഇയാള്‍ പിടിയിലായത്. ഐഎസ്‌ഐ ഫേസ്ബുക്ക് വഴി ഏഴ് മാസം മുമ്പ് റിക്രൂട്ട് ചെയ്ത രവികുമാറാണ് അറസ്റ്റിലായത്. അമൃത്‌സര്‍ ജില്ലയിലെ ചാട്ടിവിന്‍ഡ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ദുബയിലെത്തി ഐഎസ്‌ഐയുടെ ആതിഥ്യം സ്വീകരിച്ച ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും പുതുതായി നിര്‍മിക്കുന്ന ബങ്കറുകളെക്കുറിച്ചും പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയിട്ടുണ്ട്. സൈനിക യൂനിറ്റുകളുടെ നീക്കങ്ങള്‍, അതിര്‍ത്തിയിലെ പുതിയ ബങ്കറുകളുടെ നിര്‍മാണം, സൈനിക വാഹന ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പരിശീലനം തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി നല്‍കിയതെന്ന് പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനത്തെ സുപ്രധാന കെട്ടിടങ്ങള്‍, നിരോധിത മേഖലകളുടെ കൈ കൊണ്ട് തയ്യാറാക്കിയ മാപ്പുകള്‍, സൈനിക പരിശീലന മാന്വലിന്റെ  ഫോട്ടോ കോപ്പി എന്നിവയും ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരി 20 മുതല്‍ 24 വരെ ഐഎസ്‌ഐയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇയാള്‍ നടത്തിയ ദുബയ് സന്ദര്‍ശനത്തിലാണ് ഇന്ത്യയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ കൈമാറിയത്.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച് രവികുമാര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി പോലിസ് കണ്ടെത്തി. സ്ത്രീ നാമത്തില്‍ ഉണ്ടാക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഹണിട്രാപ്പ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരമാണ് രവികുമാറിനെതിരെ പോലിസ് കേസെടുത്തിട്ടുള്ളത്. ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഓപറേഷന്‍സ് സെല്‍ അന്വേഷണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it