thrissur local

ഐഎസ്ഒ മികവില്‍ പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത്

മാള: ഐഎസ്ഒ മികവില്‍ പുത്തന്‍ചിറ  ഗ്രാമപ്പഞ്ചായത്ത്. സമ്പൂര്‍ണ ഗുണമേന്‍മ നയത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പരിഷ്‌ക്കാരങ്ങള്‍ പരിഗണിച്ചാണ് ഐഎസ്ഒ 9001-2015 അംഗീകാരം ലഭിച്ചത്. ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശ രേഖ  പ്രകാരം സേവനങ്ങള്‍ നല്‍കല്‍, നികുതിപിരിവ്, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ കാര്യക്ഷമത, മികച്ച ഫ്രണ്ട് ഓഫിസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകുംവിധമുള്ള റെക്കോഡ്‌റൂം സജ്ജീകരണം, പഞ്ചായത്ത് മൊബൈല്‍ ആപ്പ് എന്നിവയാണ് ബാംഗളൂരു ആസ്ഥാനമായുള്ള ഐക്യൂഎസ് സര്‍ട്ടിഫിക്കേഷന്‍ ബോഡി പരിശോധനാ വിധേയമാക്കിയത്.
അപേക്ഷകള്‍ ഫ്രണ്ട് ഓഫിസില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ പൊതുജനത്തെ അറിയിക്കുവാന്‍ എസ് എം എസ്, ടച്ച് സക്രീന്‍, എയര്‍ കണ്ടീഷന്റ് ഫ്രണ്ട് ഓഫിസ്, ഫ്രണ്ട് ഓഫിസില്‍ സേവനങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് ഇരിപ്പിട സൗകര്യങ്ങള്‍, കുടിവെള്ളം, ടോക്കന്‍ മെഷീന്‍, വായനാ കോര്‍ണര്‍, ടെലിവിഷന്‍ മ്യൂസിക് സിസ്റ്റം, സേവന ബോര്‍ഡുകള്‍, ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ആശയ വിനിമയം എന്നിവയും പഞ്ചായത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരണങ്ങളാണ്.
ജനന മരണ വിവാഹ സാക്ഷ്യ പത്രങ്ങള്‍, ഉടമസ്ഥാവകാശ താമസ സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാകുന്നത് പൊതുജനങ്ങള്‍ക്ക് ഓഫിസില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ സഹായകമാവും. നികുതികള്‍ ഇപെയ്‌മെന്റ് സംവിധാനത്തിലൂടെ അടക്കുവാന്‍ സാധിക്കുന്നത് ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിട്ടുണ്ട്. പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങള്‍ സകര്‍മ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ കഴിയും.
തൃശൂര്‍ ജില്ലയിലെ എടവിലങ്ങ്, പെരിഞ്ഞനം പഞ്ചായത്തുകള്‍ക്ക് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതിന് നേതൃത്വം വഹിച്ച സെക്രട്ടറി സി എം പ്രേമാനന്ദിന്റെ അനുഭവ സമ്പത്തും ജീവനക്കാരുടെ അശ്രാന്ത പരിശ്രമവും ഭരണ സമിതിയുടെ കൂട്ടായ്മയുമാണ് പുത്തന്‍ചിറ പഞ്ചായത്തിന് ഈ അംഗീകാരം ലഭിക്കാന്‍ സഹായകരമാക്കിയതെന്ന് പ്രസിഡന്റ് വി എ നദീര്‍, വൈസ് പ്രസിഡന്റ് ബീന സുധാകരന്‍, സെക്രട്ടറി സി എം പ്രേമാനന്ദ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it