Flash News

ഐഎസ്എസ് നിരോധന കേസ് : മഅ്ദനിയുടെ ഹരജിയില്‍ കോടതി പോലിസിന്റെ റിപോര്‍ട്ട് തേടി

ഐഎസ്എസ്  നിരോധന   കേസ് : മഅ്ദനിയുടെ ഹരജിയില്‍ കോടതി പോലിസിന്റെ റിപോര്‍ട്ട് തേടി
X


കൊച്ചി: 1992ല്‍ ഐഎസ്എസ് നിരോധനത്തിനുശേഷം താനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കണമെന്ന അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ഹരജിയില്‍ ഹൈക്കോടതി പോലിസിന്റെ റിപോര്‍ട്ട് തേടി. ഐഎസ്എസ് നിരോധിച്ചതിനു പിന്നാലെ ശാസ്താംകോട്ട പോലിസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സ്‌ഫോടന നിരോധന നിയമം, ആയുധനിയമം, യുഎപിഎ വരെ ഉള്‍പ്പെടുത്തി 18 പേരെ പ്രതിയാക്കിയെടുത്ത കേസില്‍ അഞ്ച് പേരെ വിചാരണ നടത്തി വെറുതെവിട്ടതായി ഹരജിയില്‍ പറയുന്നു. റെയ്ഡ് നടത്തി നാടന്‍ തോക്കും വെടിയുണ്ടയും ആയുധങ്ങളും കണ്ടെത്തിയെന്ന് കോടതിയെ പോലിസ് അറിയിച്ചെങ്കിലും കണ്ടെടുത്തുവെന്ന് പറയുന്ന വസ്തുക്കള്‍ വൈകിയാണ് കോടതിയില്‍ ഹാജരാക്കിയത്. വൈകിയതിന് വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2002ല്‍ കേസ് എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയിലേക്കു മാറ്റി. എന്നാല്‍, താനടക്കമുള്ള ചില പ്രതികളുടെ വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഹരജിക്കാരനെ കുടുക്കാന്‍ ഒരുക്കിയ കെണിയായിരുന്നു കേസ്. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. കുറ്റം നടന്നുവെന്ന് തെളിയിക്കാന്‍ മതിയായ ഒന്നും പ്രോസിക്യൂഷന്‍ പക്ഷത്തില്ല. എഫ്‌ഐആറും കുറ്റപത്രവും നിലനില്‍ക്കാത്തതാണ്. കുറ്റം തെളിയിക്കാനാവാത്തതിനാലാണ് അഞ്ചുപേരെ വെറുതെവിട്ടത്. കേസില്‍ സാക്ഷികളില്‍ പലരും ജീവിച്ചിരിപ്പില്ല. ഉള്ളവര്‍ കേസിനെ പിന്തുണക്കുന്നുമില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍പോലും ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തേണ്ട സമയമായി. ഇനിയും വിചാരണ നടപടികള്‍ തുടരുന്നത് നിരര്‍ഥകവും നിയമ വ്യവസ്ഥയുടെ ദുരുപയോഗവുമാണ്. അതിനാല്‍, കേസിലെ വിചാരണയടക്കം നടപടികള്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Next Story

RELATED STORIES

Share it