Flash News

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഇനി പുത്തന്‍ ജഴ്‌സിയില്‍

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഇനി പുത്തന്‍ ജഴ്‌സിയില്‍
X



കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം പതിപ്പില്‍ മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ് പുത്തന്‍ ജഴ്‌സിയില്‍ കളംനിറയും. കൊച്ചി ലുലു മാളില്‍ നൂറുകണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക നിറമായ മഞ്ഞയ്ക്ക് പ്രാധാന്യം നല്‍കിയ ജഴ്‌സിയില്‍ നീല നിറവും ഇടംപിടിച്ചിട്ടുണ്ട്. മുന്നേറ്റനിരതാരം ഇയാന്‍ ഹ്യൂമാണ് ബ്ലാസ്റ്റേഴ്‌സ് കിറ്റ് അവതരിപ്പിച്ചത്. വീണ്ടും മഞ്ഞക്കുപ്പായത്തില്‍ മൈതാനത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ ഹ്യൂം ആരാധക പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. ടീം ജഴ്‌സിക്ക് പുറമേ ആരാധകര്‍ക്കുള്ള മഞ്ഞ ജഴ്‌സിയും ചടങ്ങില്‍ അവതരിപ്പിച്ചു. ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കായി ജഴ്‌സി തയ്യാറാക്കുന്ന അഡ്മിറല്‍ സ്‌പോര്‍ട്‌സ് വെയറാണ് ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്. വിയര്‍പ്പില്‍ നിന്നും ചൂടില്‍ നിന്നും കളിക്കാരെ സംരക്ഷിക്കുന്നതരത്തിലാണ് ജഴ്‌സിയുടെ നിര്‍മാണം. ആരാധകര്‍ക്കുള്ള ജഴ്‌സി സ്റ്റേഡിയത്തിന് സമീപത്തെ കൗണ്ടറുകളില്‍ നിന്നും മറ്റ് പ്രധാന ഔട്ട്‌ലറ്റുകളില്‍ നിന്നും ലഭിക്കും. 10ാം നമ്പര്‍ പതിപ്പിച്ച പുത്തന്‍ ജഴ്‌സിയണിഞ്ഞാണ് ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ വേദിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ അന്റോണിയോ ജര്‍മനായിരുന്നു 10ാം നമ്പറിന്റെ അവകാശി. ഹ്യൂമിന് പുറമേ മലയാളി താരങ്ങളായ റിനോ ആന്റോ, അജിത്, സഹപരിശീലകന്‍ തങ്‌ബോയ് സിങ്‌തോ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 17ന് കൊച്ചിയില്‍ ഐഎസ്എല്‍ ഉദ്ഘാടനമല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കളി.
Next Story

RELATED STORIES

Share it