palakkad local

ഐഎസ്എം സന്ദേശയാത്രയ്ക്ക് പട്ടാമ്പി സലഫി നഗറില്‍ ഉജ്ജ്വല സമാപനം



പട്ടാമ്പി: അന്ധവിശ്വാസങ്ങള്‍ക്കെതിരേ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തില്‍ കെഎ ന്‍എം നടത്തുന്ന കാംപയിന്റെ ഭാഗമായി യുവജന വിഭാഗമായ ഐഎസ്എം സംഘടിപ്പിച്ച സന്ദേശയാത്രയുടെ സമാപന സമ്മേളനം പട്ടാമ്പി സലഫി നഗറില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സാന്നിധ്യത്തില്‍ നടന്നു. ഈ മാസം 21ന് തൃക്കരിപ്പൂരില്‍ നിന്നും 22ന് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സന്ദേശയാത്രകളാണ് പട്ടാമ്പിയില്‍ സമാപിച്ചത്. സന്ദേശയാത്രയുടെ ഭാഗമായി സംസ്ഥാനത്ത് നൂറ് പൊതുസമ്മേളനങ്ങള്‍ നടന്നു. ഏഴ് ലക്ഷം സന്ദേശരേഖ വിതരണം ചെയ്തു. വര്‍ധിച്ച് വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ ചൂഷണങ്ങള്‍ക്കും തീവ്രആത്മീയ ചിന്താധാരകളാല്‍ സ്വാധീനിക്കപ്പെട്ട് രാജ്യം വിടുന്ന തെറ്റായ പ്രവണതകള്‍ക്കുമെതിരെ ബോധവല്‍ക്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ എല്ലാ മഹല്ലുകള്‍ക്ക് കീഴിലും അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ ഐഎസ്എം നേതൃത്വം നല്‍കും. സന്ദേശയാത്രയില്‍ തയ്യാറാക്കിയ അന്ധവിശ്വാസ കേന്ദ്രങ്ങളെ കുറിച്ചുള്ള വിശദമായ റിപോര്‍ട്ട് മഹല്ല് നേതൃത്വത്തിനും മുസ്‌ലിം സംഘടനകള്‍ക്കും സര്‍ക്കാരിന്നും നല്‍കും. അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നിയമത്തിന്റെ കരട് സമര്‍പ്പിക്കും. പട്ടാമ്പി സലഫി നഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. സമാപന സമ്മേളനം കെഎ ന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെഎന്‍എം ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷനായിരുന്നു. കെഎന്‍എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സെക്രട്ടറി ഡോ ജാബിര്‍ അമാനി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി കെ  സക്കരിയ്യ സ്വലാഹി, അബ്ദുല്‍ ലത്വീഫ് കരുമ്പിലാക്കല്‍, മുഹ്‌സിന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി വാപ്പുട്ടി, കമ്മുകുട്ടി എടത്തോള്‍, സി എ എം എ കരീം, നിസാര്‍ ഒളവണ്ണ, ശാക്കിര്‍ബാബു കുനിയില്‍, അഹ്മദ് അനസ്, ഫൈസല്‍ നന്മണ്ട, അബ്ദുല്‍ അലി മദനി, ഉമര്‍ മാസ്റ്റര്‍, മനാഫ്, സാദിഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it