ഐഎസില്‍ നിന്നു രക്ഷപ്പെട്ട യസീദികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കി

ബഗ്ദാദ്: ഐഎസ് സായുധസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യസീദി പെണ്‍കുട്ടികളെയും സ്ത്രീകളെയും നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്കു വിധേയമാക്കിയെന്നു പരാതി. ഐഎസ് പീഡനം തെളിയിക്കാന്‍ ഇറാഖി കോടതിയാണ് ഇവരെ വേദനയാര്‍ന്ന പരിശോധനയ്ക്കു വിധേയരാക്കിയത്.
ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ വനിതാ വിഭാഗം ഗവേഷക ഗവേഷക രോത്‌ന ബീഗം ഇതുസംബന്ധിച്ച റിപോര്‍ട്ട് മനുഷ്യാവകാശ സംഘടനയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. അടിമത്വത്തില്‍നിന്നു രക്ഷപ്പെട്ടവരുടെ അനുഭവങ്ങളും റിപോര്‍ട്ടിലുണ്ട്.
തന്നെ തട്ടിക്കൊണ്ടു പോയി നാലു തവണ വില്‍പ്പന നടത്തിയെന്നു പീഡനത്തിനിരയായ ലൂനയെന്ന പെണ്‍കുട്ടി പറയുന്നു. നാല് ഉടമകളും താനുള്‍പ്പെടെയുള്ളവരെ ബലാല്‍സംഗത്തിന് വിധേയമാക്കിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൂട്ടബലാല്‍സംഗം, ലൈംഗിക അടിമത്തം, നിര്‍ബന്ധിതവിവാഹം എന്നിവയ്ക്ക് ഇവരെ വിധേയമാക്കിയെന്ന് ഇരകളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പറയുന്നു. ഐഎസ് അടിമത്വത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ക്ക് മനശ്ശാസ്ത്രപരമായ സഹായവും ആരോഗ്യ സംരക്ഷണവും മറ്റു സഹായങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പീഡനം തെളിയിക്കാന്‍ ഇറാഖി, കുര്‍ദ് ഓഫിസര്‍മാര്‍ ഇവരെ നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.
ഇന്ത്യ, തുര്‍ക്കി, ഈജിപ്ത്, ലിബിയ, ജോര്‍ദാന്‍, ഇന്തൊനീസ്യ, ദക്ഷിണാഫ്രിക്ക തുടങ്ങി പല രാജ്യങ്ങളിലും ഈ പരിശോധന നിലവിലുണ്ടെങ്കിലും ഇത്തരം പരിശോധനകള്‍ വേദനയും മാനസികപിരിമുറുക്കവും സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, കന്യകാത്വ പരിശോധനയ്ക്ക് സാധുതയില്ലെന്നും ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it