ഐഎസിന് കനത്ത തിരിച്ചടി; ഇറാഖി സൈന്യം റമാദിയിലെ ഐഎസ് ശക്തി കേന്ദ്രത്തില്‍

ബഗ്ദാദ്: ഇറാഖില്‍ ഐഎസ് നിയന്ത്രണത്തിലുള്ള സുന്നി ഭൂരിപക്ഷ പ്രദേശമായ റമാദിയിലെ മുന്‍ സര്‍ക്കാര്‍ സമുച്ചയത്തിലേക്ക് ഇറാഖി സൈന്യം പ്രവേശിച്ചു. ഒരു കെട്ടിടത്തിലേക്കു പ്രവേശിച്ച സൈന്യം മറ്റു കെട്ടിടങ്ങളില്‍നിന്ന് ഉണ്ടായേക്കാവുന്ന ഐഎസിന്റെ ചെറുത്തുനില്‍പ്പ് മുന്നില്‍കണ്ട് വളരെ ശ്രദ്ധയോടെയാണു മുന്നോട്ടു പോവുന്നതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, നഗരത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലേക്ക് ഐഎസ് പോരാളികള്‍ പലായനം ചെയ്തതായി കരുതപ്പെടുന്നു. ബഗ്ദാദില്‍ നിന്നു 55 കിലോമീറ്റര്‍ അകലെ മധ്യ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുള്ള നഗരമാണ് റമാദി. 2014ല്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശവും കൈവശപ്പെടുത്തിയ ഐഎസിനെതിരേ ഇതുവരെ സൈന്യം നേടിയ ഏറ്റവും വലിയ വിജയമാണിത്. ചൊവ്വാഴ്ചയാണ് റമാദി പിടിച്ചെടുക്കാനുള്ള പോരാട്ടം സൈന്യം ശക്തമാക്കിയത്. ഇറാഖില്‍ സൈന്യത്തിന്റെ നിര്‍ണായക മുന്നേറ്റമാണിത്.
സൈനിക മുന്നേറ്റം തടയാന്‍ റോഡുകള്‍ക്കിരുവശവും ഐഎസ് ബോംബുകള്‍ സ്ഥാപിച്ചു സ്‌ഫോടനം നടത്തിയിരുന്നു. യുഎസ് പിന്തുണയോടെ നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം 23 ഐഎസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
സൈനികസംഘം സമുച്ചയത്തിലെ ആരോഗ്യകേന്ദ്രമായും രക്തബാങ്കായും പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്കു പ്രവേശിച്ചിട്ടുണ്ട്. ഇവിടെ ആരും ഇല്ലെന്നു വ്യോമനിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തിയതിനു ശേഷമാണ് സൈന്യം ഇങ്ങോട്ടു പ്രവേശിച്ചത്.
Next Story

RELATED STORIES

Share it