Flash News

ഐഎസിന്റെ പേരില്‍ തീവ്രവാദികളാക്കാനുള്ള നീക്കം അപകടകരം : പോപുലര്‍ ഫ്രണ്ട്



കണ്ണൂര്‍: ഐഎസ് ബന്ധമാരോപിച്ച് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിനെയും മുസ്്‌ലിംകളെയും ഉന്നംവച്ച് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ പരാമര്‍ശവും ഡിവൈഎഫ്‌ഐയുടെ പേരിലുള്ള പോസ്റ്ററും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ജില്ലാസെക്രട്ടറി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതികള്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പോലിസ് പോലും പറയുന്നില്ല. എന്നാല്‍, സംഘടനയുടെ പേരില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമം. ആര്‍എസ്എസ് കൊലപാതകങ്ങളെക്കുറിച്ചോ ഹാദിയയുടെ വീട്ടുതടങ്കല്‍, തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രം എന്നിവയെക്കുറിച്ചോ മിണ്ടാതെ മുസ്്‌ലിം തീവ്രവാദത്തെ സംബന്ധിച്ച് വാചാലമാവുന്ന സിപിഎം സമീപനം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയും. രാജ്യം മുഴുവന്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരത ചര്‍ച്ച ചെയ്യുമ്പോള്‍ കൃത്യമായ മൗനം പാലിക്കുകയും ഇല്ലാത്ത മുസ്്‌ലിം തീവ്രവാദത്തെ പെരുപ്പിച്ച് ഇസ്്‌ലാമോഫോബിയ പരത്തുകയും ചെയ്യുന്ന സമീപനം സിപിഎമ്മിന് ഗുണകരമല്ല. ഐഎസ് പോലെയുള്ള ദുരൂഹ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കരുതെന്ന് നിലപാടെടുത്ത സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് ഇന്ത്യയില്‍നിന്നു തന്നെയാണെന്ന് പോപുലര്‍ ഫ്രണ്ട് വിശ്വസിക്കുന്നു. ഒരു വശത്ത് ആര്‍എസ്എസിന് മുസ്്‌ലിംകളെ വേട്ടയാടാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും മറുവശത്ത് പ്രസ്താവനയിലൂടെ മുസ്്‌ലിംകളെ വോട്ട് ബാങ്കാക്കി നിലനിര്‍ത്തുകയും ചെയ്യുന്ന ഇടതുകാപട്യം പോപുലര്‍ ഫ്രണ്ട് തുറന്നുകാണിക്കുന്നുണ്ട്. ഇതിന്റെ പേരില്‍ വിറളിപൂണ്ടാണ് ഇല്ലാത്ത ഐഎസ് ബന്ധം പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. പി ജയരാജന്റെ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി സി എം നസീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it