ഐഎസിനെ നേരിടാന്‍സജ്ജമെന്ന് രാജ്‌നാഥ്

ന്യൂഡല്‍ഹി: ഇസ്്‌ലാമിക് സ്‌റ്റേറ്റി (ഐഎസ്) ന്റെ ആക്രമണം ഉണ്ടായാല്‍ നേരിടുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും രാജ്യം എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയിലും ഐഎസ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പാരീസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഏതെങ്കിലും പ്രത്യേക രാജ്യത്തെ മാത്രം ബാധിക്കുന്നതല്ല ഐഎസിന്റെ ഭീഷണി. എല്ലാ രാജ്യങ്ങളും ഇതിനെതിരേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സിക്കു ലഭിച്ച വിവരങ്ങള്‍ പ്രകാരം നിലവില്‍ ഇറാഖിലും സിറിയയിലുമായി ഇരുപതോളം ഇന്ത്യക്കാര്‍ ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടു പേര്‍ മുംബൈയിലെ കല്യാണില്‍ നിന്നുള്ളവരാണ്.

ഒരാള്‍ ആസ്‌ത്രേലിയയില്‍ താമസമാക്കിയിട്ടുള്ള കശ്മീരിയാണ്. മറ്റൊരാള്‍ തെലങ്കാനയില്‍ നിന്നും ഒരാള്‍ കര്‍ണാടകക്കാരനുമാണ്. ഒമാനിലുള്ള ഇന്ത്യക്കാരനും സിംഗപ്പൂരിലുള്ള മറ്റൊരു ഇന്ത്യക്കാരനും ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കാര്യമായ സാന്നിധ്യമുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ചില യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം ആളുകളെയോ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സായുധ സംഘടനകളെയോ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച്ച് വ്യക്തമാക്കിയിരുന്നു. ഐഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് സംഘടനയുടെ പദ്ധതികളൂം ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളും മസസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാന്‍സ്, യുഎസ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ആസ്‌ത്രേലിയ, തുര്‍ക്കി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലുള്ള സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. സിറിയക്കും ഇറാഖിനും പുറമേ മറ്റു രാജ്യങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഐഎസിന്റെ ശ്രമമെന്നാണ് പാരീസ് ആക്രമണം തെളിയിക്കുന്നതെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it