ഐഎസിനെ നിലനിര്‍ത്തുന്നതാര്?

ഐഎസിനെ നിലനിര്‍ത്തുന്നതാര്?
X


മൂന്നു വര്‍ഷം മുമ്പ് ഇറാഖിലും സിറിയയിലും സുപ്രധാന പ്രദേശങ്ങള്‍ പിടിച്ചടക്കി ഖിലാഫത്ത് എന്ന പേരില്‍ ഒരു ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിച്ച ഐഎസ് സായുധസംഘം തങ്ങളുടെ ശക്തിപ്രദേശങ്ങളില്‍നിന്നെല്ലാം പിന്‍വാങ്ങിയെന്നാണ് റിപോര്‍ട്ടുകള്‍. ഐഎസിനെ തുരത്തി എന്നു പറയുന്നതിനേക്കാള്‍ ചില ധാരണകള്‍ ഉണ്ടാക്കി ശക്തികേന്ദ്രങ്ങളില്‍ നിന്ന് അവരെ മാറ്റി എന്നു പറയുന്നതാവും ശരി. ഐഎസ് എന്നത് ഒരു ദുരൂഹ സംഘമാണെന്നു പറയുന്നതിന് വലിയ പ്രസക്തിയില്ലാത്തവിധം അവരുടെ വളര്‍ച്ചയിലും വ്യാപനത്തിലും വിവിധ ശക്തികള്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് പല പഠനങ്ങളും ബദല്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിഷ്‌കരണത്തിനു വേണ്ടി ശബ്ദിച്ചതു കാരണം അഭയാര്‍ഥികളായി കഴിയുന്ന മുസ്‌ലിം ചിന്തകരില്‍ പ്രമുഖനായ സൗദി വംശജന്‍ പ്രഫ. മുഹമ്മദ് അല്‍മിസ് അരി, മേഖലയിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുവൈത്തി ആക്റ്റിവിസ്റ്റ് പ്രഫ. ഹാകിം അല്‍ മുതൈരി, അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതു കാരണം അല്‍ഖുദ്‌സ് പത്രത്തില്‍ നിന്നു പുറത്തായ ഡോ. അബ്ദുല്‍ബാരി അത്‌വാന്‍ തുടങ്ങിയവര്‍ പുറത്തുവിട്ട പഠനങ്ങള്‍ പല ദുരൂഹതകളും അനാവരണം ചെയ്യുന്നുണ്ട്. അമേരിക്കന്‍ അധിനിവേശത്തോടെ ഇറാഖിലെ സദ്ദാം ഭരണകൂടത്തിന്റെ പതനം ഉറപ്പാക്കിയ ബഅസ് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ പ്രയോഗിച്ച തന്ത്രമാണ് അടിസ്ഥാനപരമായി ഐഎസ് ഉല്‍പത്തിയുടെ പ്രതലം. നിരീശ്വര കമ്മ്യൂണിസ്റ്റ് ആശയാടിത്തറയുള്ള ബഅസ് പാര്‍ട്ടിയും അധിനിവേശത്തെ ചെറുക്കാന്‍ രംഗത്തുണ്ടായിരുന്ന ചില സലഫി പോരാട്ടസംഘങ്ങളും ചേര്‍ന്നാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് പദ്ധതിയുടെ പ്രഥമ രൂപം ഉണ്ടാക്കുന്നത്. പിന്നീട് അതില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി മേഖലയിലെ പ്രധാന രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഇടപെടലുകളുണ്ടായി. തങ്ങളുടെ പദ്ധതിക്ക് വിഘാതമാവുന്ന ആരെയും വ്യാജ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ഇല്ലാതാക്കുന്ന ഈ സംഘത്തെ പൂര്‍ണമായി നിയന്ത്രിച്ചിരുന്നത് ഓമനപ്പേരുകളില്‍ മാത്രം അറിയപ്പെട്ട ഇറാഖിലെ മുന്‍ ബഅസിസ്റ്റുകളായിരുന്നു. സദ്ദാം ഭരണകൂടത്തിലെ പോലിസ്, സൈനിക, ഇന്റലിജന്‍സ് മേഖലകളിലും പാര്‍ട്ടിനേതൃത്വത്തിലും ഉണ്ടായിരുന്ന രണ്ടാംനിര നേതൃത്വങ്ങളില്‍പ്പെട്ട നാല്‍പതോളം വരുന്ന ഈ സംഘം അധിനിവേശാനന്തരം അമേരിക്ക നടപ്പാക്കിയ ഡി-ബാത്തിഫിക്കേഷന്‍ പദ്ധതി സമര്‍ഥമായി അതിജീവിക്കാന്‍ ഇസ്‌ലാമിക ചെറുത്തുനില്‍പ് സംഘങ്ങളില്‍ ചേക്കേറുകയോ സ്വന്തമായി രൂപീകരിക്കുകയോ ചെയ്തിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ട 2006ല്‍ അതിന്റെ തലവനായി അറിയപ്പെട്ട അബൂ ഉമര്‍ അല്‍ ബഗ്ദാദി (ഒരു മുന്‍ പോലിസ് മേധാവി), ഇസ്‌ലാമിക് സ്‌റ്റേറ്റ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി, 2014ലെ ഖിലാഫത്ത് പ്രഖ്യാപനത്തിന്റ തൊട്ടുമുമ്പ് കൊല്ലപ്പെട്ട ഹാജി ബക്കര്‍ (മുന്‍ മിലിട്ടറി ഇന്റലിജന്‍സ് തലവന്‍) തുടങ്ങിയവര്‍ ഉദാഹരണം. അബൂ ഉമര്‍ അല്‍ ബഗ്ദാദിക്കു ശേഷം നേതൃത്വത്തില്‍ വന്ന്, 2014ല്‍ താന്‍ മുസ്‌ലിം ലോകത്തിന്റെ ഖലീഫയാണെന്നു സ്വയം പ്രഖ്യാപിച്ചശേഷം അപ്രത്യക്ഷനായ അബൂബക്കര്‍ അല്‍ ബഗ്ദാദി യഥാര്‍ഥത്തില്‍ ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. അല്‍ ബഗ്ദാദി ഇറാഖിലെ സാമുറാ പ്രദേശത്തുകാരന്‍ ഇബ്രാഹീം ഇവദ് എന്ന വ്യക്തിയാണെന്ന പ്രചാരം ഖിലാഫത്ത് പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാഖ് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പിന്നീട് ഈ വിവരം അംഗീകരിച്ച് അയാളുടെ തറവാടും വിദ്യാഭ്യാസവും വളര്‍ച്ചയുമെല്ലാം വിശദീകരിക്കുന്ന പുസ്തകം തയ്യാറാക്കി ഇറാഖ് സര്‍ക്കാര്‍ വിതരണം ചെയ്തത് വല്യച്ചായന്റെ കല്‍പനപ്രകാരമായിരുന്നുവെന്നു വിമര്‍ശനങ്ങളുണ്ട്. മറുവശത്ത്, അല്‍ ബഗ്ദാദി യഥാര്‍ഥത്തില്‍ സാല്‍മണ്‍ എലിയോട്ട് എന്ന ജൂതനും ഒന്നാന്തരം മൊസാദ് ഏജന്റുമാണെന്നാണ് റഷ്യന്‍-ഇറാന്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. റഷ്യന്‍ കൂട്ടിലെ ഒരു തത്തയായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആണ് ഈ വിവരങ്ങളുടെ ഉറവിടം എന്നതിനാല്‍ ജനങ്ങള്‍ അതു കണ്ണടച്ച് വിശ്വസിക്കുന്നുമില്ല. അധിനിവേശാനന്തരം നിലവില്‍ വന്ന ശിയാ പാവസര്‍ക്കാരിന്റെ എതിര്‍പ്പുകളെ അവഗണിച്ച് അമേരിക്ക സ്ഥാപിച്ച ബുക്ക ജയിലില്‍ നടന്നിരുന്ന സുന്നി പോരാളികളുടെ ഓറിയന്റേഷന്‍ ഇറാഖില്‍ അസ്ഥിരത ഉറപ്പുവരുത്താനായിരുന്നുവെന്ന് ഇറാഖ് സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജനറല്‍ മുഫവ്വിക് ആരോപിച്ചിരുന്നു. ഐഎസിനു നേതൃത്വം കൊടുക്കുന്ന മിക്കവരും അന്തേവാസികളായിരുന്ന ബുക്ക ക്യാംപില്‍ വച്ചാണ് ഖിലാഫത്ത് എന്ന ആശയം എടുത്തുപയോഗിക്കാന്‍ ധാരണയായതെന്നും അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ തിരഞ്ഞെടുപ്പ് അവിടെ വച്ചു നടന്നെന്നും അന്ന് ബുക്ക ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ മിഷേല്‍ എന്ന അമേരിക്കന്‍ സൈനികന്റെ വാക്കുകളില്‍ നിന്നു വായിച്ചെടുക്കാം. പ്രവാചകന്റെ ഖുറൈഷി തറവാട്ടുകാരനാണ് അല്‍ ബഗ്ദാദിയെന്ന് ആദ്യം പരിചയപ്പെടുത്തുന്നത് ഈ അമേരിക്കന്‍ സൈനിക ഓഫിസറാണ്! അക്കാലത്ത് അല്‍ഖാഇദയുടെ ഇറാഖി ഘടകമായി അറിയപ്പെട്ടിരുന്ന ഈ സംഘം ഇറാഖില്‍ സ്വന്തമായി ഒരു സ്‌റ്റേറ്റ് എന്ന ആശയവും അതിന് ഖിലാഫത്ത് ലേബലും കൊടുക്കാന്‍ തീരുമാനിച്ചത് അല്‍ഖാഇദ കേന്ദ്രനേതൃത്വം ശക്തമായി എതിര്‍ത്തെന്നും സിറിയന്‍ ഘടകം വേറിട്ടുപോവാന്‍ പ്രധാന കാരണമിതാണെന്നും ഐഎസില്‍നിന്ന് കൂറുമാറിയവരുടെ ഒന്നിലധികം വെളിപ്പെടുത്തലുകളുണ്ട്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയെ അറബ് ലോകത്തു നിന്ന് തുരത്താന്‍ ബ്രിട്ടിഷ് സാമ്രാജ്യത്വം പ്രയോഗിച്ച ഖിലാഫത്ത് തന്ത്രം ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്ക ഉപയോഗിച്ചുനോക്കിയെന്ന് പ്രഫ. അല്‍ മസ്അരി നിരീക്ഷിക്കുന്നു. അമേരിക്കന്‍ അധിനിവേശകാലത്ത് ഇറാഖിലെ ശിയാ കേന്ദ്രങ്ങളില്‍ ഐഎസിന്റെ പൂര്‍വരൂപം നടത്തിയ ആക്രമണങ്ങള്‍ ഇറാന്‍ ഭരണകൂടത്തിന് ഇറാഖില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സഹായിെച്ചന്നും അതിനു പിന്നില്‍ ഇറാന്‍ ഇന്റലിജന്‍സുമായി ഒത്തുകളികള്‍ ഉണ്ടായിട്ടുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. സുന്നി സായുധസംഘങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷകരായി ഇറാന്‍ വരുന്നതോടെ ഇറാഖിലെ ശിയാ വിഭാഗത്തെ അടുപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. പേര്‍ഷ്യന്‍ സ്വാധീനമുള്ള ഇറാനിലെ ശിയാ ഭരണകൂടത്തോട് ഇറാഖിലെ ഭൂരിപക്ഷം വരുന്ന ശിയാ വിഭാഗം അടുപ്പം പുലര്‍ത്തിയിരുന്നില്ല.ഇറാഖ് അധിനിവേശത്തിനുശേഷം സിറിയയെ ലക്ഷ്യമിട്ട അമേരിക്കന്‍ പദ്ധതിയെ ചെറുക്കാന്‍ സിറിയന്‍ ഭരണകൂടം ചെയ്ത തന്ത്രങ്ങളിലൊന്ന് സിറിയന്‍ ജയിലുകളില്‍ പിടിച്ചിട്ടിരുന്ന അനേകം സുന്നി പക്ഷ പോരാളികളെ ഇറാഖിലെ അധിനിവേശ വിരുദ്ധ ചെറുത്തുനില്‍പിലേക്ക് അയക്കലായിരുന്നു. സിറിയന്‍ ബഅസ് നേതൃത്വവും ഇറാഖി ബഅസ് നേതൃത്വവും (ഐഎസ് നേതൃത്വം) സഹകരിച്ചാണ് ഇതു നടന്നത്. ഇവരില്‍ പലരും ബുക്ക ക്യാംപിലേക്ക് ആനയിക്കപ്പെട്ടിരുന്നു. 2011 ആദ്യത്തോടെ സിറിയയില്‍ വിപ്ലവത്തിന്റെ കാറ്റ് വീശിയപ്പോള്‍ സിറിയന്‍ ഭരണകൂടത്തെ രക്ഷിക്കാനും വിപ്ലവം ഇറാഖിലേക്ക് പടരാതെ കെടുത്തിക്കളയാനും നൂരി അല്‍ മാലികി സര്‍ക്കാര്‍, സിറിയയിലെ ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍, ഐഎസിനെ നിയന്ത്രിക്കുന്ന ബഅസ് നേതൃത്വം എന്നിവര്‍ക്കിടയില്‍ ഇറാന്റെ അറിവോടെ നടന്ന സഹകരണം മറ്റൊരു പ്രധാന ഘടകമാണ്. ജനകീയ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ഇറാഖിലെ അല്‍ അന്‍ബാര്‍ പ്രവിശ്യയിലും സിറിയയിലെ റഖാ, ഹലബ് പ്രദേശങ്ങളിലും വിപ്ലവത്തിനുവേണ്ടി ശബ്ദിച്ചവര്‍ ദുരൂഹമായി അപ്രത്യക്ഷമായതിനും  കൊല്ലപ്പെട്ടതിനും പിന്നില്‍ ഐഎസ് ആയിരുെന്നന്നും ഇത്തരം ദുരൂഹ കൊലകളും അപ്രത്യക്ഷമാവലും സിറിയയിലെയും ഇറാഖിലെയും ബഅസ് ഭരണകൂടങ്ങളുടെ ഉന്മൂലന രീതികളോട് സാദൃശ്യമുള്ളതായിരുന്നെന്നും പ്രഫ. അല്‍മുതൈരി നിരീക്ഷിക്കുന്നു.  ഐഎസിനു ലഭിച്ചിരുന്ന അമേരിക്കന്‍ ആയുധങ്ങള്‍ ഏറെ ചര്‍ച്ചയായതാണ്. ഈയിടെ അമേരിക്കന്‍ സഖ്യസേന മൗസിലില്‍ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍, ബോംബിങിനു മുമ്പ് പുറത്തുവിട്ട ഒരു വീഡിയോയില്‍ ഒരു കെട്ടിടത്തില്‍ ഡോളര്‍ കെട്ടുകള്‍ കൂട്ടിവച്ചിരിക്കുന്നത് അവരെ ആരാണു സഹായിച്ചിരുന്നതെന്നു സൂചന നല്‍കുന്നുണ്ട്. ഇറാഖിലും സിറിയയിലും പോരാട്ടത്തില്‍ പരിക്കേല്‍ക്കുന്ന ഐഎസ് പട്ടാളത്തെ ഇസ്രായേല്‍ ആശുപത്രികളില്‍ ചികില്‍സിച്ചിരുന്നതും ഇസ്രായേല്‍ സൈനികരില്‍ ചിലര്‍ ഐഎസില്‍ ഉണ്ടെന്ന വിവരവും മുമ്പേ പുറത്തുവന്നതാണ്. ബുക്ക ക്യാംപ് ഓറിയന്റേഷനില്‍ നടന്ന പരിശീലനങ്ങളിലെ മൊസാദ് പങ്കാളിത്തവും ചര്‍ച്ചയായിരുന്നതു കൂട്ടിവായിക്കാം.  ഐഎസിനെ തകര്‍ക്കുന്നതിനു മതപരമായ പ്രതിജ്ഞാബദ്ധത വിളിച്ചുപറഞ്ഞിരുന്ന സുന്നി ലോക കേന്ദ്രം യഥാര്‍ഥത്തില്‍ അവരെ വളര്‍ത്തിയതില്‍ വഹിച്ച പങ്കിനെക്കുറിച്ച് തുറന്നെഴുതാന്‍ കഴിയാത്ത പഠനങ്ങള്‍ മുമ്പു സൂചിപ്പിച്ച റിബല്‍ വ്യക്തിത്വങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കന്‍ സഖ്യത്തില്‍ പങ്കാളിയായ ഈ രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാര്‍ സിറിയയിലെയും ഇറാഖിലെയും ഐഎസ് അടക്കമുള്ള സംഘങ്ങളിലേക്ക് ഒഴുകിയതിനു പിന്നില്‍, ജനകീയ വിപ്ലവങ്ങളോ ജനാധിപത്യ നീക്കങ്ങളോ തങ്ങളുടെ കസേരകള്‍ തെറിപ്പിക്കുന്നതിനുള്ള വിദൂര സാധ്യതകള്‍പോലും തടയുകയാണ് താല്‍പര്യമെന്ന് പ്രഫ. അല്‍മസ്അരി തുറന്നടിക്കുന്നു. ഇത്തരം രാജ്യങ്ങളില്‍ ഐഎസ് അഡ്രസ്സില്‍ നടന്ന ആക്രമണങ്ങള്‍ ആന്തരിക നാടകങ്ങളാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച സോമാലിയന്‍ തലസ്ഥാനത്തു നടന്ന പുതിയ സ്‌ഫോടനം ഐഎസിന്റെ സോമാലിയന്‍ ബ്രാഞ്ചായ അല്‍ശബാബിന്റെ പേരില്‍ ആരോപിക്കപ്പെട്ടെങ്കിലും അതിനു പിന്നില്‍  മേഖലയിലെ അട്ടിമറിവിദഗ്ധരാണെന്ന് അവരുടെ ഉപരോധത്തിന് ഇരയാവുന്നിടത്തെ മാധ്യമങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.മേഖലയിലെ പ്രധാന കളിക്കാരെല്ലാം ഇപ്പോള്‍ ഐഎസിനെ തുരത്തിയതില്‍ തങ്ങളുടെ പങ്ക് അവകാശപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ സിറിയന്‍ ഭരണകൂടം, അമേരിക്കന്‍ റിമോട്ടില്‍ നീങ്ങുന്ന കുര്‍ദ് പട, ഇറാന്‍ റിമോട്ടില്‍ നീങ്ങുന്ന ഹിസ്ബുല്ല എന്നിവരുമായി ഐഎസ് ബഅസിസ്റ്റുകള്‍ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തില്‍ അവര്‍ സിറിയയിലെ ദേറിസോര്‍ പ്രവിശ്യയിലെ ഉള്‍പ്രദേശങ്ങളിലേക്കു മാറിയിരിക്കുകയാണ്. സമാനമായി ഇറാന്‍ നിയന്ത്രിക്കുന്ന ശിയാ പോരാട്ടസംഘങ്ങളും ഇറാഖ് സൈന്യവും അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ് സംഘങ്ങളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ ഉള്‍വലിഞ്ഞിരിക്കുന്നു. വിദേശികളായ ഐഎസ് പട്ടാളക്കാരുടെ കാര്യം അവരെ തന്നെ ഏല്‍പിച്ചുവെന്നായിരുന്നു മൗസില്‍ ആക്രമണത്തിനു തൊട്ടു മുമ്പ് ഖലീഫയുടെ പേരില്‍ വന്ന അവസാന ശബ്ദം. അതിനിടെ, ദുരൂഹ ഖലീഫയെ ഞങ്ങള്‍ കൊന്നുവെന്ന് റഷ്യന്‍ ചേരിയും നിങ്ങള്‍ കൊന്നത് അയാളെയല്ലെന്ന് അമേരിക്കന്‍ ചേരിയും വിളിച്ചുപറഞ്ഞിരുന്നു. ആരുടെ പക്കലാണാവോ യഥാര്‍ഥ ബ ഗ്ദാദി ഉള്ളത്. അവര്‍ ഏതെങ്കിലും ശക്തമായ പ്രതിസന്ധി നേരിടുമ്പോള്‍ ഐഎസ് ഖലീഫയെ വധിച്ചെന്ന വാര്‍ത്തയ്ക്ക് നാം കാതോര്‍ക്കുക.  പതിനായിരങ്ങളെ പരലോകത്തേക്കയച്ചും ദശലക്ഷങ്ങളെ അഭയാര്‍ഥികളാക്കിയും ലോക മുസ്‌ലിം സമൂഹത്തെ സംശയത്തിന്റെ നിഴലിലേക്കു തള്ളിവിട്ടും ഒരു വ്യാജ ഖിലാഫത്ത് നാടകം കൂടി അവസാനിക്കുമ്പോള്‍ ഉറക്കെ ചിരിക്കുന്നവരുടെ മുന്‍നിരയില്‍ സിറിയന്‍ സ്വേച്ഛാധിപതി ബാക്കിനില്‍ക്കുന്നു. സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരേ ഉയര്‍ന്ന ജനകീയ വിപ്ലവങ്ങളും അധിനിവേശങ്ങള്‍ക്കെതിരേ നടന്നിരുന്ന നിയമാനുസൃത ചെറുത്തുനില്‍പുകളും തല്‍ക്കാലം നിശ്ചലമായതാണ് ഐഎസ് പിന്‍വാങ്ങിയപ്പോള്‍ തെളിഞ്ഞുനില്‍ക്കുന്ന സത്യം. മേല്‍ക്കോയ്മാ താല്‍പര്യങ്ങള്‍ മേഖലയില്‍ നിലനില്‍ക്കുന്നിടത്തോളം ഐഎസ് പോലുള്ള നിഗൂഢസംഘങ്ങള്‍ ഇനിയുമുണ്ടാവും. വളര്‍ത്തിയവര്‍ തന്നെ തകര്‍ക്കുമ്പോള്‍ ആവശ്യമുള്ളത് ബാക്കിവയ്ക്കുമെന്നതു പറയേണ്ടതില്ലല്ലോ. അറബ് ലോകത്തെ ജനതയും വിവിധ പ്രദേശങ്ങളില്‍ പരന്നുകിടക്കുന്ന അറബ് അഭയാര്‍ഥികളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതലത്തില്‍ അത്തരം പദ്ധതികള്‍ വിജയിക്കും. അമൂര്‍ത്ത സിദ്ധാന്തങ്ങളില്‍ അഭിരമിച്ച് പകല്‍ക്കിനാവുകള്‍ കാണുന്ന ചില വികാരജീവികളെ ചൂണ്ടയില്‍ കുരുക്കാന്‍ കിട്ടുമ്പോള്‍ പടിഞ്ഞാറിലെയും മൂന്നാംലോക രാജ്യങ്ങളിലെയും മുസ്‌ലിംവിരുദ്ധ ഭീകരസംഘങ്ങളും ഏജന്‍സികളും തങ്ങള്‍ക്ക് അനുകൂലമായി ഇത്തരം അവസരങ്ങള്‍ എടുത്തുപയോഗിക്കുന്നതു തുടരും. മുസ്‌ലിംകള്‍ നേതൃത്വം കൊടുക്കുന്ന സാമൂഹിക പരിഷ്‌കരണ, നവോത്ഥാന മുന്നേറ്റങ്ങളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും വേട്ടയാടാന്‍ അതു ധാരാളം മതിയാവും.
Next Story

RELATED STORIES

Share it