Flash News

ഐഎസിനെതിരായ ആക്രമണങ്ങളില്‍ 480 സാധാരണക്കാര്‍ കൊല്ലപ്പെട്ടു : യുഎസ് സൈന്യത്തിന്റെ വെളിപ്പെടുത്തല്‍



വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിനു ശേഷം ഇതുവരെ 480ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇറാഖി സൈന്യം പുറത്തുവിട്ട റിപോര്‍ട്ടിലാണ് 2014 പകുതിക്കു ശേഷം കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്. ഏപ്രിലില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 132 സിവിലിയന്‍ മരണങ്ങളും ചേര്‍ത്താണ് കണക്കെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, സര്‍ക്കാരേതര- നിരീക്ഷക സംഘടനകള്‍ പുറത്തുവിട്ട കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് സൈന്യത്തിന്റെ കണക്കുകള്‍ അപൂര്‍ണമാണ്. 2014 ആഗസ്തില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ സിറിയയിലെയും ഇറാഖിലെയും 3800ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നു ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളുടെയും ഗവേഷകരുടെയും കൂട്ടായ്മയായ എയര്‍വാര്‍സ് വ്യക്തമാക്കുന്നു. ഇറാഖി നഗരമായ മൗസിലില്‍ പാര്‍പ്പിടസമുച്ചയത്തിനു നേരെ മാര്‍ച്ചില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും സെന്റ്‌കോമിന്റെ റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഎസ് നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ചെറുതുരുത്തുകള്‍ തിരിച്ചുപിടിക്കുന്നതിന് യുഎസ് വ്യോമ പിന്തുണയോടെ ഇറാഖി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 120ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ റിപോര്‍ട്ടില്‍ ഉള്‍പെട്ടിട്ടില്ലെന്ന് അല്‍ജസീറ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it