Pathanamthitta local

ഐഎവൈ പദ്ധതിയില്‍ ജില്ലയുടെ പ്രകടനം മികച്ചത്: ആന്റോ ആന്റണി എംപി

പത്തനംതിട്ട: ഭവനരഹിതരായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതി (ഐഎവൈ) നടത്തിപ്പില്‍ 2015-16 സാമ്പത്തിക വര്‍ഷം ജില്ല മികച്ച പ്രകടനം നടത്തിയെന്ന് ആന്റോ ആന്റണി എംപി. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുന്ന ജില്ലാ വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി പ്രകാരം 2015 -16 വര്‍ഷം ജില്ലയില്‍ നിര്‍മാണം നടന്നു വരുന്ന 4738 വീടുകളില്‍ 1547 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. എസി-എസ്ടി വിഭാഗത്തില്‍ 574ഉം ന്യൂനപക്ഷ വിഭാഗത്തില്‍ 267 ഉം ഇതര വിഭാഗത്തില്‍ 706 ഉം വീടുകളാണ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പു പദ്ധതി പ്രകാരം ജില്ലയില്‍ 2013038 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു.
ഇതില്‍ 1861881 തൊഴില്‍ ദിനങ്ങള്‍ സ്ത്രീകള്‍ക്കും 484182 തൊഴില്‍ ദിനങ്ങള്‍ പട്ടികജാതി വിഭാഗത്തിനും 16258 തൊഴില്‍ ദിനങ്ങള്‍ പട്ടിക വര്‍ഗ വിഭാഗത്തിനും 1512598 തൊഴില്‍ ദിനങ്ങള്‍ ഇതര വിഭാഗത്തിനും ലഭിച്ചു. ജില്ലയില്‍ 56731 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെടുകയും 50584 കുടുംബങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുകയും ചെയ്തു. ഇതില്‍ 12778 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തിലും 521 കുടുംബങ്ങള്‍ പട്ടികവര്‍ഗ വിഭാഗത്തിലും 37285 കുടുംബങ്ങള്‍ ഇതര വിഭാഗത്തിലും ഉള്‍പ്പെടുന്നു. 2015-16 സാമ്പത്തിക വര്‍ഷം പദ്ധതി ഇനത്തില്‍ ഇതുവരെ 54.17 കോടി രൂപ വിനിയോഗിച്ചു.
റാന്നി, പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം ബ്ലോക്കുകളിലായി നടപ്പാക്കി വരുന്ന പ്രധാന്‍മന്ത്രി കൃഷി സിന്‍ചായി യോജന(സംയോജിത നീര്‍ത്തട പരിപാലന പരിപാടി) യുടെ പുരോഗതി വിലയിരുത്തി. റാന്നി ബ്ലോക്കില്‍ 209.13 ലക്ഷം രൂപയും പുളിക്കീഴില്‍ 135.25 ലക്ഷം രൂപയും മല്ലപ്പള്ളിയില്‍ 43.91 ലക്ഷം രൂപയും കോയിപ്രത്ത് 29.84 ലക്ഷം രൂപയും വിനിയോഗിച്ചു. വ്യക്തിഗത ഗാര്‍ഹിക കക്കൂസ് പദ്ധതി പ്രകാരം കവിയൂര്‍, പള്ളിക്കല്‍, റാന്നി-പെരുനാട്, പുറമറ്റം, ഇരവിപേരൂര്‍, റാന്നി-അങ്ങാടി, തുമ്പമണ്‍, കടമ്പനാട്, സീതത്തോട്, കടപ്ര, കോന്നി, പന്തളം, ആറന്മുള, അയിരൂര്‍, മെഴുവേലി, ആനിക്കാട് ഗ്രാമപ്പഞ്ചായത്തുകളില്‍ ജില്ലാ ശുചിത്വമിഷന്‍ 769 കക്കൂസുകള്‍ അനുവദിച്ചു.
സമ്പൂര്‍ണ ഗാര്‍ഹിക ശൗചാലയ പദ്ധതി മാര്‍ച്ച് 31ന് മുമ്പ് ജില്ലയില്‍ നടപ്പാക്കും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്‌വൈ) പദ്ധതി പ്രകാരമുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം ജില്ലയില്‍ മികച്ച നിലയില്‍ നടന്നു വരുന്നതായി എംപി വിലയിരുത്തി.
2000-2001 മുതല്‍ 2013-14 വരെ എട്ട് ഘട്ടങ്ങളിലായി 234.475 കിലോമീറ്റര്‍ വരുന്ന 106 റോഡുകള്‍ നിര്‍മിക്കാനായി 12552.82 ലക്ഷം രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 5178.754 ലക്ഷം രൂപ ചെലവില്‍ 114.470 കിലോമീറ്റര്‍ വരുന്ന 50 റോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ പ്രത്യേക യോഗം വിളിക്കും. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം 2015-16 ല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പുസ്തകം, യൂണിഫോം, അധ്യാപകര്‍ക്ക് പരിശീലനം, സ്‌കൂളുകള്‍ക്ക് ഗ്രാന്റ് തുടങ്ങിയവ വിതരണം ചെയ്തു.
ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രകാരം അയിരൂര്‍, സീതത്തോട്, നെടുമ്പ്രം, കവിയൂര്‍, കലഞ്ഞൂര്‍ പഞ്ചായത്തുകളില്‍ അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി 15 പഞ്ചായത്തുകളില്‍ ടെറസ് ഫാമിംഗ് നടത്തി വരുന്നു. ഒരു ഗ്രൂപ്പിന് 5000 രൂപ വീതം ധനസഹായം നല്‍കി.
പട്ടികവര്‍ഗ വിഭാഗത്തിനുള്ള പ്രത്യേക കേന്ദ്ര സഹായം പ്രകാരം നാറാണംമൂഴി പഞ്ചായത്തിലെ കരികുളം കോളനിയില്‍ 27 കുടുംബങ്ങള്‍ക്ക് റബര്‍ കൃഷിക്കു സഹായം നല്‍കി. ആകെ 6,38,220 രൂപ ഇതിനായി വിനിയോഗിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്ക് തയ്യല്‍മെഷീനും അനുബന്ധ സാമഗ്രികളും ഉടന്‍ വിതരണം ചെയ്യും.
ആകെ ഒരു ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വികലാംഗരായ രണ്ടുപേര്‍ക്ക് പെട്ടിക്കട തുടങ്ങുന്നതിന് ഈ മാസം സഹായം നല്‍കും. ആകെ 60,000 രൂപ ഇതിനായി വിനിയോഗിക്കും.
തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ബോധവല്‍ക്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍ദേശിച്ചു. വരള്‍ച്ച നേരിടുന്നതിന് ജില്ലയ്ക്ക് ലഭിച്ചിട്ടുള്ള ധനസഹായം കുടുംബശ്രീയിലൂടെയും തൊഴിലുറപ്പു പദ്ധതിയിലൂടെയും ജലസ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യലഘൂകരണ യൂനിറ്റ് പ്രൊജകറ്റ് ഡയറക്ടര്‍ പി ജി രാജന്‍ ബാബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ജില്ലാതല ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it