malappuram local

ഐഎഫ്എഫ്‌കെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ഇന്നു തിരിതെളിയും

നിലമ്പൂര്‍: നിലമ്പൂരിന്റെ വെള്ളിത്തിരയില്‍ ഇനി അഞ്ചു നാള്‍ ലോകസിനിമാ കാഴ്ചകള്‍. ഇന്ന് വൈകീട്ട് ആറിന് ഫെയറിലാന്റ് തിയേറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്തൊരുക്കിയ വേദിയില്‍ മലയാള സിനിമയുടെ കാരണവര്‍ പത്മശ്രീ മധു ഭദ്രദീപം തെളിക്കുന്നതോടെ ഐഎഫ്എഫ്‌കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് തിരശ്ശീല ഉയരും. 20 രാജ്യങ്ങളിലെ 37 സിനിമകളാണ് അഞ്ചു ദിവസം നീളുന്ന മേളയില്‍ രണ്ടു സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുക.
ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് ആധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. ബോളിവുഡ് താരം രാജശ്രീ ദേശ്പാണ്ഡെ, മലയാള സിനിമാതാരങ്ങളായ അനുമോള്‍, പാര്‍വതി രതീഷ് അതിഥികളായിരിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം മലയാളകവിതയും റാപ്പ് മ്യൂസിക്കും കൂട്ടി ഇണക്കി ലീവ്‌സ് ഓഫ് ഗ്രാസ് അവതരിപ്പിക്കും. രാത്രി എട്ടിന് രണ്ട് സ്‌ക്രീനിലും ഉദ്ഘാടന ചിത്രം മെക്‌സിക്കന്‍ സിനിമയായ ദി തിന്‍ യെല്ലോ ലൈന്‍' പ്രദര്‍ശിപ്പിക്കും. 1,750 പേരാണ് ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നേരത്തെ 1,500റില്‍ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്താനായിരുന്നു തീരുമാനമെങ്കിലും അപേക്ഷകളുടെ പ്രവാഹംകാരണം 250 പേര്‍ക്കുകൂടി അവസരം നല്‍കുകയായിരുന്നു. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രേമികളും മേളയ്‌ക്കെത്തുന്നുണ്ട്. മേളയുടെ ഭാഗമായി പ്രമുഖ ഫോട്ടോഗ്രാഫര്‍ സുധീര്‍ ഊരാളത്തിന്റെ തെരുവ് ജീവിതത്തിന്റെ ഫോട്ടോ പ്രദര്‍ശനവും ഉണ്ടാവും. ചൈന, തായ്‌വാന്‍, തായ്‌ലന്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ തെരുവുജീവിതങ്ങള്‍ ഒപ്പിയെടുച്ച 30 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. മീറ്റ് ദി ഡയറക്ടര്‍, ഓപണ്‍ ഫോറം എന്നിവ നാളെ മുതല്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it