Districts

ഐഎഫ്എഫ്‌കെ: കിഴക്കനേഷ്യന്‍ചിത്രങ്ങള്‍ ഇത്തവണയില്ല

തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) മല്‍സരവിഭാഗത്തില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി മല്‍സരത്തിനെത്തിയിരിക്കുന്നത് നേപ്പാളും ഹെയ്തിയും കസാഖിസ്താനും. മുന്‍വര്‍ഷങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്ന ചൈനീസ്, കൊറിയന്‍, ജാപ്പനീസ് ചിത്രങ്ങള്‍ ഇത്തവണയില്ല. ഡിസംബര്‍ നാലുമുതല്‍ 11വരെയാണ് ഐഎഫ്എഫ്‌കെ നടക്കുന്നത്. അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത സംസ്‌കാരങ്ങളും കഥാപരിസരങ്ങളും ചിത്രീകരണശൈലിയുമെല്ലാം മേളയ്ക്കു പുതുമ സമ്മാനിക്കുമെന്നു മല്‍സരചിത്രങ്ങളുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 140 ചിത്രങ്ങളില്‍ നിന്നാണ് 10 ചിത്രങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ മല്‍സരത്തിനെത്തുന്ന ചൈനീസ് ചിത്രങ്ങള്‍ താരതമ്യേന കൂടുതലായിരുന്നു. ഇത്തവണ കിട്ടിയ ആറോ ഏഴോ ചിത്രങ്ങള്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. മല്‍സരവിഭാഗത്തില്‍ മുമ്പു വന്നിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്ന് ഇത്തവണ ചില ചിത്രങ്ങള്‍ ഉണ്ട്. നേപ്പാളില്‍ നിന്നുള്ള കാലോ പോത്തിയും ഹെയ്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ചിരിക്കുന്ന മര്‍ഡര്‍ ഇന്‍ പാക്കോട്ട് എന്ന ചിത്രവും ഉദാഹരണമാണെന്ന് കമല്‍ പറഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ 140 ചിത്രങ്ങള്‍ കാണാനുള്ള അവസരം ചലച്ചിത്രകാരന്‍ എന്ന നിലയിലും പ്രേക്ഷകന്‍ എന്ന നിലയിലും വലിയ അനുഭവമാണെന്നു കമല്‍ പറഞ്ഞു. സിനിമയെക്കുറിച്ചു കൂടുതലറിയാനും പഠിക്കാനുമുള്ള അവസരമാണ് ഐഎഫ്എഫ്‌കെ. ചലച്ചിത്രാസ്വാദകരും സിനിമാപ്രവര്‍ത്തകരുമടങ്ങുന്ന യുവതലമുറ മേള പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it