ഐഎന്‍ടിയുസിക്ക് പ്രാതിനിധ്യം ലഭിച്ചേ തീരുവെന്ന് ചന്ദ്രശേഖരന്‍

കൊച്ചി: കേരളത്തിലെ സാധാരണക്കാരന്റെ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്നും തൊഴിലാളികളെ മറന്നാല്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. സ്ഥാനാര്‍ഥി പട്ടികയില്‍ ഐഎന്‍ടിയുസിക്ക് തക്കതായ പ്രാതിനിധ്യം ഉണ്ടായേ തീരുവെന്നും അതില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ ഗുഡ്‌സ് ആന്റ് പാസഞ്ചര്‍ ഓട്ടോ തൊഴിലാളി കോണ്‍ഗ്രസ് നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറാന്‍മൂളികളെയും ഭിക്ഷാംദേഹികളെയും പാര്‍ശ്വവര്‍ത്തികളെയും തിരുകിവച്ച ശേഷം ഇതാണ് പാര്‍ട്ടിയെന്നു പറഞ്ഞാല്‍ അതംഗീകരിച്ച് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി പുലര്‍ത്തുന്ന തീരുമാനം ഉണ്ടായാല്‍ മാത്രമേ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങു എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വീണ്ടും കെപിസിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഇന്നു രാവിലെ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വൈപ്പിന്‍ മണ്ഡലത്തില്‍ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി അഡ്വ. കെ പി ഹരിദാസിനെ ഐഎന്‍ടിയുസി സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹീംകുട്ടി യോഗത്തില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചനയിലും ഐഎന്‍ടിയുസിയെ പങ്കെടുപ്പിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ലെന്ന് ചന്ദ്രശേഖരന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഐഎന്‍ടിയുസി നേതാക്കളായ അഡ്വ. കെ പി ഹരിദാസ് കെ കെ ഇബ്രാഹീംകുട്ടി, സക്കീര്‍ ഹുസൈന്‍, അലിയാര്‍, രാജപ്പന്‍പിള്ള, ടി കെ രമേശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it