kasaragod local

ഐഎന്‍എല്‍ ജനജാഗ്രത യാത്ര തുടങ്ങി

കാസര്‍കോട്: മുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും തങ്ങള്‍ അജയ്യ ശക്തിയാണെന്ന് വിളിച്ചോതി ഐഎന്‍എല്‍ നേതൃത്വത്തില്‍ ജനജാഗ്രത യാത്രക്ക് ഉജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് പുലിക്കുന്നില്‍ നിന്ന് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനേയും ജാഥാ ക്യാപ്റ്റന്‍ പ്രഫ. അബ്ദുല്‍ വഹാബിനേയും നേതാക്കളേയും ആനയിച്ച് പുതിയ ബസ് സ്റ്റാന്റിലെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു. നിരവധി പ്രവര്‍ത്തകരാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്. സംസ്ഥാന-ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ ജാഥാ ലീഡര്‍ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. മോദി ഭരണത്തില്‍ ന്യൂനപക്ഷ-ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നയമാണ് രാജ്യഭരണം ബിജെപിയുടെ കൈകളിലെത്തിയത്.
കുത്തകകള്‍ക്കും സംഘ്പരിവാറിനും അടിമപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഭരണം. അസഹിഷ്ണുത പടരുമ്പോള്‍ പ്രധാനമന്ത്രി മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ ഭരണവും അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ് എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജാഥ ഇന്ന് രാവിലെ ഒമ്പതിന് കാസര്‍കോട് നിന്ന് പ്രയാണം തുടങ്ങും. ചെര്‍ക്കള, ചട്ടഞ്ചാല്‍, ദേളി, മേല്‍പറമ്പ് വഴി സ്വീകരണ കേന്ദ്രമായ ബേക്കലിലെത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് മൂന്നിന് നീലേശ്വരത്തേയും സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Next Story

RELATED STORIES

Share it