ഐഎന്‍എല്‍ ജനജാഗ്രതാ യാത്ര സമാപിച്ചു

തിരുവനന്തപുരം: ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കേണ്ട കാലമാണ് ഇന്നത്തേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ഇന്ത്യയില്‍ മറ്റൊരു കാലത്തും ഇല്ലാത്ത രീതിയില്‍ വര്‍ഗീയശക്തികള്‍ ഇളകി നില്‍ക്കുകയാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വരെയാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എല്‍ സംസ്ഥാന ജന. സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് നയിച്ച ജനജാഗ്രതാ യാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍ക്കു വേണ്ടിയെന്നു പറയുന്നുണ്ടെങ്കിലും വേദങ്ങളോ പുരാണങ്ങളോ അനുസരിച്ചല്ല അവരുടെ നീക്കങ്ങള്‍. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അപകീര്‍ത്തിപ്പെടുത്തുന്ന വാദങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്.
ഭിന്നിപ്പിച്ചു ജനങ്ങളെ ഇല്ലാതാക്കാനാണ് അവരുടെ ഗൂഢശ്രമം. ന്യൂനപക്ഷ പ്രീണനമെന്നു പറയുകയും രാജ്യത്ത് അവര്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ഒരു കാര്യത്തിലും ധാര്‍മികതയും സത്യസന്ധതയും ഇല്ലാത്ത ഇക്കൂട്ടരുടെ മറ്റൊരു പതിപ്പാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍. പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രിയാണിവിടെയുള്ളത്. അഴിമതിയുടെ കൂട്ടുകമ്പനിയായി സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനായ എ പി അബ്ദുല്‍വഹാബിന് ഐഎന്‍എല്‍ മുതിര്‍ന്ന നേതാവ് വാവ കുഞ്ഞുഹാജി ഹാരാര്‍പ്പണം നടത്തി.
അഹമ്മദ് ദേവര്‍കോവില്‍, എന്‍ കെ അബ്ദുല്‍ അസീസ്, എം എ മാഹിന്‍, ബി ഹംസ ഹാജി, എം എ ലത്തീഫ്, കെ പി ഇസ്മയില്‍, പ്രിയാ ബിജു (കൗണ്‍സിലര്‍), അഡ്വ. ജെ തംറൂഖ്, അജിത് കുമാര്‍ ആസാദ്, എ പി മുസ്തഫ, എ എല്‍ എം കാസിം സംസാരിച്ചു.
Next Story

RELATED STORIES

Share it