ഐഎന്‍എല്ലിന് കാത്തിരിപ്പിന്റെ കാല്‍നൂറ്റാണ്ട്

പി സി അബ്ദുല്ല
കോഴിക്കോട്: ഇടതുമുന്നണി പ്രവേശനം തേടിയുള്ള ഇന്ത്യന്‍ നാഷനല്‍ ലീഗിന്റെ കാത്തിരിപ്പ് കാല്‍ നൂറ്റാണ്ടിലേക്ക്. കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നു സിപിഎം നേതൃത്വം ഐഎന്‍എല്ലിന് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. മുന്നണി പ്രവേശന കാര്യത്തില്‍ എല്‍ഡിഎഫും സിപിഎമ്മും നാഷനല്‍ ലീഗിനോട് ഇരട്ടത്താപ്പ് പുലര്‍ത്തുന്നുവെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് സംഭവവികാസങ്ങള്‍.
മുന്നണി പ്രവേശനത്തില്‍ നാഷനല്‍ ലീഗിന് അവകാശപ്പെട്ട മുന്‍ഗണന മറികടന്നാണു മറ്റു പാര്‍ട്ടികളെ സിപിഎം പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ അംഗമാക്കുമെന്ന് സിപിഎം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ്സില്‍ നിന്നും ആര്‍എസ്പിയില്‍ നിന്നുമൊക്കെ വിട്ടുപോയവര്‍ക്കും യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിക്കും മുന്തിയ പരിഗണന നല്‍കിയ ഇടതു മുന്നണി ഐഎന്‍എല്ലിനെ തോല്‍ക്കുമെന്നുറപ്പുള്ള സീറ്റുകള്‍ നല്‍കി പുറത്തുനിര്‍ത്തുകയായിരുന്നു.
യുഡിഎഫ് വിട്ട ജെഡിയുവിനെയും കേരള കോണ്‍ഗ്രസ്സി (മാണി)നെയും എല്‍ഡിഎഫില്‍ എടുക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുമ്പോഴും ഐഎന്‍എല്ലിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയ്ക്കു പോലും എടുക്കുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കുന്നതു ചര്‍ച്ച ചെയ്യുമെന്നു സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, യോഗത്തില്‍ ഐഎന്‍എല്‍ വിഷയം മറന്ന് വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് നല്‍കുന്ന തീരുമാനമാണു  ചര്‍ച്ച ചെയ്തത്.
1994ല്‍ ഐഎന്‍എല്‍ രൂപംകൊണ്ടതു മുതല്‍ മുന്നണി അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫുമായി നിരുപാധികം സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നിലവില്‍വന്ന് 11ാം വര്‍ഷം സ്ഥാപകന്‍ സുലൈമാന്‍ സേട്ട് നിര്യാതനായി. ഇക്കാലയളവിനുള്ളില്‍ മുന്നണിപ്രവേശനം സഫലമാവാത്തതു സേട്ട് സാഹിബിനെ ദുഃഖിപ്പിക്കുകയും ചെയ്തു. ആയിടയ്ക്കു സിപിഎമ്മിനോടുള്ള പാര്‍ട്ടിയുടെ അമര്‍ഷം അണപൊട്ടിയതിനെ തുടര്‍ന്ന് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ഐഎന്‍എല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തിരുന്നു.
മുന്നണിയില്‍ അംഗത്വം ലഭിക്കാത്തതു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കി. 2006ല്‍ ഇടതു പിന്തുണയോടെ പിഎംഎ സലാം എംഎല്‍എ ആയെങ്കിലും അക്കാലയളവില്‍ തന്നെ അദ്ദേഹം ലീഗിലേക്ക് തിരിച്ചുപോയി. അതിനു മുമ്പും ശേഷവും എല്‍ഡിഎഫ് സുരക്ഷിത സീറ്റുകളൊന്നും ആ പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. ഈ മാസം 20ന് ഐഎന്‍എല്‍ സംസ്ഥാന സമിതി തിരഞ്ഞെടുപ്പ് നടക്കുകയാണ്. മുന്നണി പ്രവേശനം നേടിയെടുക്കാനാവാത്തത് ഒരു വിഭാഗത്തിനെതിരേ മറു വിഭാഗം ആയുധമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it