Kottayam Local

ഐഎച്ച്ആര്‍ഡി കോളജിന് സ്വന്തമായി കെട്ടിടം സാധ്യമാക്കാനായില്ല

കാഞ്ഞിരപ്പള്ളി: ഐഎച്ച്ആര്‍ഡി കോളജിന് സ്വന്തമായി കെട്ടിടം സാധ്യമാക്കാന്‍ കടമ്പകളേറെ.നിലവില്‍ കോളജ് പ്രവര്‍ത്തിക്കുന്ന പേട്ട ഗവ.ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഐഎച്ച്ആര്‍ഡി കോളജ് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
കോളജ് കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുവാന്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.കോളജ് അധികൃതരും ജനപ്രതിനിധികളും വിദ്യാര്‍ഥികളുടെയും പിടിഎ, എസ്എംടിസിയുടെയും നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കും.2010ല്‍ പേട്ട ഗവ.ഹൈസ്‌കൂളിന്റെ മുറികളിലാണ് കോളജ് താല്‍കാലികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്.കോളജിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നത് വരെയാണ് താല്‍ക്കാലികമായി സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ യുജിസി അനുമതി നല്‍കിയത്. എന്നാല്‍ കോളജ് പ്രവര്‍ത്തനം ആരംട്ടിച്ചിട്ട് ഏഴ് വര്‍ഷമായിട്ടും ഇതുവരെ കോളജിന് സ്ഥലം കണ്ടെത്തിയില്ല. കോളജിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചിരുന്നു.കൂവപ്പള്ളി അമല്‍ജോതി എന്‍ജീനീയറിങ് കോളജിനു സമീപവും കുറുവാമുഴിയിലും കാള കെട്ടിയിലും പഞ്ചായത്ത് കോളജിനായി സ്ഥലം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഫണ്ട് ഇല്ലാത്തതിനാല്‍ സ്ഥലം വാങ്ങാന്‍ കഴിഞ്ഞില്ല. യുജിസി നിര്‍ദേശ പ്രകാരം കോളജിനായി അഞ്ച് ഏക്കര്‍ സ്ഥലമാണ് വേണ്ടത്. എന്നാല്‍ കാഞ്ഞിരപ്പള്ളിയില്‍ ഇത്രയും സ്ഥലം എവിടെ കണ്ടെത്തുമെന്ന് ആശങ്കയിലാണ് അധികാരികളും.
Next Story

RELATED STORIES

Share it