Flash News

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ച് കലക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം. അനുപമയെ ആലപ്പുഴയില്‍ നിന്നു തൃശൂരിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഐഎഎസ് തലത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
തൃശൂര്‍, പാലക്കാട്, വയനാട്, പത്തനംതിട്ട കലക്ടര്‍മാര്‍ക്കാണു സ്ഥാനചലനം. പത്തനംതിട്ട കലക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലംമാറ്റി. പത്തനംത്തിട്ട കലക്ടറെ അടുത്തിടെയാണു മാറ്റി നിയമിച്ചത്. രണ്ടാഴ്ച തികയുംമുമ്പെയാണ് ഈ മാറ്റം. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ പി ബി നൂഹിനെ പത്തനംതിട്ട കലക്ടറായി നിയമിക്കും. വയനാട് കലക്ടര്‍ എസ് സുഹാസിനെയും സ്ഥലംമാറ്റും. തൃശൂര്‍ കലക്ടര്‍ എ കൗശികന്‍ വാട്ടര്‍ അതോറിറ്റി എംഡിയാവും. പാലക്കാട് ജില്ലാ കലക്ടര്‍ പി സുരേഷ് ബാബുവിനെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.
കേരളഹൗസ് അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ റസിഡന്റ് കമ്മീഷണറായി നിയമിക്കും. പാര്‍ലമെന്ററി കാര്യ വകുപ്പ് സെക്രട്ടറി ബി അശോകിന് കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതലകൂടി നല്‍കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണ ഭട്ടിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധികച്ചുമതല കൂടി നല്‍കി. അമൃത് മിഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ പി എസ് മുഹമ്മദ് സാഗിറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഗിരിജയ്ക്ക് അമൃത് മിഷന്‍ പ്രൊജക്റ്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നല്‍കി.  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡി വീണ എന്‍ മാധവനെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് എംഡിയുടെ അധികച്ചുമതലകൂടി വീണ എന്‍ മാധവനുണ്ടാവും. ലൈഫ് മിഷന്‍ സിഇഒ അദീല അബ്ദുല്ലയെ ഐഎംജി കോഴിക്കോട് റീജ്യനല്‍ ഡയറക്ടറായി മാറ്റി നിയമിച്ചു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന് ലൈഫ് മിഷന്‍ സിഇഒയുടെ അധിക ചുമതല നല്‍കി. ഹൗസിങ് കമ്മീഷണര്‍ ബി അബ്ദുല്‍ നാസറിന് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെയും നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രൊജക്റ്റ് സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെയും അധിക ചുമതല നല്‍കി. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയയെ സപ്ലൈകോ സിഎംഡിയായി മാറ്റി നിയമിച്ചു.
Next Story

RELATED STORIES

Share it