ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി: ഐടി വകുപ്പില്‍ നിന്നു കുര്യനെ മാറ്റി; രാജു നാരായണസ്വാമി കൃഷിവകുപ്പ് സെക്രട്ടറി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് മാറ്റം കൊണ്ടുവന്നതിനു പിന്നാലെ ഐഎഎസിലും വന്‍ അഴിച്ചുപണി. 26 വകുപ്പു തലവന്‍മാര്‍ക്ക് സ്ഥാനചലനമുണ്ടാക്കി സമഗ്ര അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തിയത്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. നിലവിലെ ഐടി, വ്യവസായവകുപ്പ് സെക്രട്ടറിയായ പി എച്ച് കുര്യനെ ഐടിയില്‍ നിന്നു മാറ്റിയതാണു സുപ്രധാന തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറാണ് പുതിയ ഐടി സെക്രട്ടറി. പി എച്ച് കുര്യന്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സുപ്രധാന പദവിയൊന്നും ലഭിക്കാതിരുന്ന രാജു നാരായണസ്വാമിയെ കൃഷിവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് നിയമനം.
അഡീഷനല്‍ ചീഫ് സെക്രട്ടറിയായ വി എസ് സെന്തിലിനെ ആസൂത്രണം, സാമ്പത്തികകാര്യം, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിയായും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായും നിയമിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനായിരുന്ന പോള്‍ ആന്റണിയാണു പുതിയ ഊര്‍ജ വകുപ്പ് സെക്രട്ടറി. എയര്‍പോര്‍ട്ട്‌സ് ആന്റ് ഏവിയേഷന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായ വി ജെ കുര്യന്‍ സിയാല്‍ എംഡിയായി തുടരും. ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായി ബി ശ്രീനിവാസിനെ നിയമിച്ചു. എപിഎം മുഹമ്മദ് ഹനീഷിനെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സ്‌പോര്‍ട്‌സ്-യുവജനകാര്യ വകുപ്പിന്റെയും സെക്രട്ടറിയായി നിയമിച്ചു.
നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി കെ ജോസിനെ തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. വി കെ ബേബിയാണ് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി. ഇന്ദര്‍ജിത്ത് സിങിനെ ഡല്‍ഹി കേരളാ ഹൗസ് റസിഡന്റ് കമ്മീഷണറായും പുനീത് കുമാറിനെ അസിസ്റ്റന്റ് റസിഡന്റ് കമ്മീഷണറായും നിയമിച്ചു.
Next Story

RELATED STORIES

Share it