Flash News

ഐഎഎസ് ഉദ്യോഗസ്ഥന്റെ മരണം: എസ്എടി അന്വേഷിക്കും



ലഖ്‌നോ: കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുരാഗ് തിവാരിയുടെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സര്‍ക്കിള്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായും 72 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും പോലിസ് സൂപ്രണ്ട് ദീപക്കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. മരണം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച രക്തസാംപിളുകള്‍ വിശദ പരിശോധനക്കയച്ചിട്ടുണ്ടെന്നും ഇതിനു ശേഷമേ സംഭവത്തില്‍ വ്യക്തത വരൂവെന്നും പോലിസ് സൂപ്രണ്ട് പറഞ്ഞു. റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ബുധനാഴ്ചയാണ് തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് നിയമസഭ ഇന്നലെ പ്രക്ഷുബ്ധമായി. ഉദ്യേഗസ്ഥന്റെ മരണം കൊലപാതകമാണെന്നും വിശദാന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയില്‍ സമാജ്‌വാദി എംഎല്‍എ നിതിന്‍ അഗര്‍വാളാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. അതീവ സുരക്ഷാ മേഖലയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മരിച്ചത് സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലായതിനു ഉത്തമ ഉദാഹരണമാണെന്ന് അഗര്‍വാള്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ മരിച്ചുവെന്നത് സത്യമാണെന്നും പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടികളുടെ റിപോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്നും പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന പറ ഞ്ഞു. അതേസമയം  തിവാരിയുടെ മൃതദേഹം ബഹ്‌റൈച്ച് ജില്ലയിലെ ജന്‍മനാട്ടില്‍ ഇന്നലെ സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
Next Story

RELATED STORIES

Share it