ഐഎംസി അംഗീകാരം നഷ്ടപ്പെട്ടത് തിരിച്ചടിയാവും

കണ്ണൂര്‍:  പരിയാരം സഹകരണ മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചതു കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കും. രോഗികളുടെ എണ്ണത്തില്‍ കുറവുവന്നതിനെ തുടര്‍ന്നാണു നടപടി. അടുത്ത അധ്യയന വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള മുന്നൊരുക്കം ആരംഭിക്കാനിരിക്കെ പുതിയ സാഹചര്യം സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. പ്രവേശനപ്പരീക്ഷാ വിജ്ഞാപനത്തിനു മുമ്പ് അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാവും.
എന്നാല്‍, നടപടി പുനപ്പരിശോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും ഇപ്പോഴത്തെ നടപടി വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ആകെയുള്ള കിടക്കകളുടെ 72 ശതമാനത്തിലും രോഗികളുണ്ടെങ്കില്‍ മാത്രമേ കോഴ്‌സിന് അംഗീകാരം നല്‍കാന്‍ ഐഎംസിക്ക് കഴിയൂ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഐഎംസി പ്രതിനിധികള്‍ കോളജില്‍ നേരിട്ടെത്തി പരിശോധന നടത്തിയാണ് എംബിബിഎസ് കോഴ്‌സിന് സ്ഥിരാംഗീകാരം നല്‍കുന്ന നടപടി സ്വീകരിക്കുന്നത്. മുന്‍കാലങ്ങളിലും പലതവണ അംഗീകാരം റദ്ദാക്കിയിരുന്നു. പോരായ്മകള്‍ പരിഹരിച്ച് വിവരമറിയിച്ചാല്‍ ഐഎംസി തുടര്‍ പരിശോധനയില്‍ അംഗീകാരം പുനസ്ഥാപിക്കുകയാണു പതിവ്.
കഴിഞ്ഞ മൂന്നു തവണയായി ഐഎംസി പ്രതിനിധികള്‍ പരിയാരത്ത് പരിശോധന നടത്തിയെങ്കിലും ന്യൂനതകള്‍ കണ്ടെത്തുകയുണ്ടായി. 2017 മെയ് മുതല്‍ മെഡിക്കല്‍ കോളജില്‍ വിവിധ ചികില്‍സാ ഫീസുകളില്‍ 100 ശതമാനത്തോളം വര്‍ധന വരുത്തിയിരുന്നു. ഫീസ് വര്‍ധനയും ഇന്‍ഷുറന്‍സ് പദ്ധതികള്‍ റദ്ദാക്കിയതും കാരണമാണു രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുവന്നത്. എന്നാല്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരിച്ചുവന്നതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സേവനത്തിലെ വീഴ്ചകളും ജാഗ്രതക്കുറവുമാണു രോഗികളെ ആശുപത്രിയില്‍ നിന്ന് അകറ്റുന്നതെന്നാണ് ആരോപണം.
സഹകരണ മേഖലയില്‍ അംഗീകാരം ലഭിക്കുന്നതിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രി എം വി രാഘവന്റെ നേതൃത്വത്തില്‍ കേരള കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സിന് (കെസിഎച്ച്‌സി) കീഴില്‍ ട്രസ്റ്റ് രൂപീകരിച്ച് കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭ്യമാക്കിയത്.
മെഡിക്കല്‍ കോളജിന് അംഗീകാരം നല്‍കണമെങ്കില്‍ ചുരുങ്ങിയത് 20 ഏക്കര്‍ സ്ഥലം വേണമെന്നാണ് നിബന്ധന. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജിന് സ്വന്തമായി ഭൂമിയില്ല. സ്ഥലം സര്‍ക്കാരിനു കീഴിലാണ്. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു നീണ്ടുപോവുന്നതും പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it