ഐഎംജിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റണമെന്നു ശുപാര്‍ശ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണ പരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് ഇടക്കാല റിപോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഉദ്യോഗസ്ഥശേഷി വികസനം സംബന്ധിച്ചതാണു രണ്ടാമതു റിപോര്‍ട്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഎംജി)നെ മികവിന്റെ കേന്ദ്രമാക്കി മാറ്റണമെന്നതാണു രണ്ടാമതു റിപോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഓഫിസ് അറ്റന്‍ഡന്റുമാര്‍ മുതല്‍ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ വരെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആറു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പരിശീലനം നല്‍കണം.  തുടര്‍ന്ന്, വിവിധ കാലയളവുകളിലുള്ള പരിശീലനവും നല്‍കണം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച വിലയിരുത്തലും നടത്തണം.
ഉദ്യോഗസ്ഥ ശേഷി വികസനം കുറ്റമറ്റ നിലയില്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി മൊത്തം പ്ലാന്‍ ഫണ്ട് വിനിയോഗത്തിന്റെ രണ്ടു ശതമാനം നീക്കിവയ്ക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസുകാരുടെ മാതൃകയിലുള്ള പരിശീലനം നല്‍കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. റിപോര്‍ട്ട് കമ്മീഷന്റെ ംംം.മൃര.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മാതൃകയില്‍ സംസ്ഥാനത്തും വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്ന ശുപാര്‍ശ അടങ്ങുന്ന കമ്മീഷന്റെ പ്രഥമ റിപോര്‍ട്ട് 2017 ആഗസ്തില്‍ സര്‍ക്കാരിനും സമര്‍പ്പിച്ചിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍,       മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമനിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച പഠനമാണ് കമ്മീഷന്‍ തുടര്‍ന്നു നടത്തിക്കൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it