ഏഷ്യ പിടിച്ചു, ഇനി ലോകം

എ പി ഷഫീഖ്

ഇന്ത്യയുടെ ഏഷ്യാ ദൗത്വം കഴിഞ്ഞു. ഇനി മഹേന്ദ്രസിങ് ധോണിയുടെയും കൂട്ടരുടെയും ലക്ഷ്യം ലോകം കീഴടക്കുകയെന്നതാണ്. അപരാജിതമായാണ് ഏഷ്യയിലെ ആറാം തമ്പുരാക്കന്‍മാര്‍ തങ്ങളാണെന്ന് ഇന്ത്യന്‍ പട ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുത്തത്. ഇന്ത്യന്‍ ഗര്‍ജനത്തിന് മുന്നില്‍ എതിരാളികളെല്ലാം മുട്ടമുടക്കുകയായിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആറാം കിരീട നേട്ടം കൂടിയായിരുന്നു ഇത്തവണത്തേത്. ഇതോടെ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമെന്ന റെക്കോഡും ഇന്ത്യയുടെ പേരിലായി. അഞ്ചു തവണ ചാംപ്യന്‍മാരായ ശ്രീലങ്കയെയാണ് കിരീടനേട്ടത്തില്‍ ഇന്ത്യ മറികടന്നത്. ഏഷ്യാ കപ്പ് ട്വന്റി ഫോര്‍മാറ്റിലാക്കിയതിനു ശേഷമുള്ള ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്തവണത്തേത്.
ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും ഇന്ത്യ വെന്നിക്കൊടി നാട്ടുകയായിരുന്നു. ഗ്രൂപ്പ്ഘട്ടത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 45 റണ്‍സിന് തകര്‍ത്ത് കൊണ്ടാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ കുതിപ്പ് തുടങ്ങിയത്. രണ്ടാമങ്കത്തില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ മുന്നാമങ്കത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ശ്രീലങ്കയെയും ഇതേ മാര്‍ജിനില്‍ കീഴടക്കുകയായിരുന്നു. ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ദുര്‍ബലരായ യുഎഇയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് യുഎഇക്കെതിരേ ഇന്ത്യ കൈക്കലാക്കിയത്.
ഫൈനലില്‍ കന്നി കിരീടം മോഹിച്ചെത്തിയ ബംഗ്ലാദേശായിരുന്നു ഇന്ത്യയെ നേരിടാനെത്തിയത്. മല്‍സരത്തിന് മുമ്പ് ശക്തമായ മഴയും കാറ്റുമെത്തിയതോടെ കലാശപ്പോരാട്ടം നടക്കുമോയെന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍, രണ്ട് മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 15 ഓവറാക്കി മല്‍സരം ആരംഭിക്കുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയച്ചു. 120 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു മുന്നില്‍ ബംഗ്ലാ കടവുകള്‍ വച്ചത്. ഒരു റണ്‍സ് മാത്രമെടുത്ത് നില്‍ക്കേ ഇന്ത്യയുടെ തുറപ്പ്ചീട്ടുകളിലൊരാളായ രോഹിത് ശര്‍മ കളംവിട്ടു. പക്ഷേ, രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ബംഗ്ലാ കടുവകളെ തല്ലി മെരുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 44 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സുമായി ധവാന്‍ മടങ്ങിയെങ്കിലും കോഹ്‌ലിയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ വിജയം അനായാസം പൂര്‍ത്തിയാക്കുകയായിരുന്നു.
പുറത്താവാതെ 28 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ധോണിയാകട്ടെ ഒരു ദാക്ഷിണ്യവും ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് നല്‍കിയില്ല. ആറ് പന്ത് മാത്രം നേരിട്ട ധോണി രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 20 റണ്‍സാണ് അടിച്ചുകൂട്ടിയത്. മല്‍സരത്തില്‍ എട്ട് വിക്കറ്റും ഏഴു പന്തും ബാക്കിനില്‍ക്കേ ഇന്ത്യ വിജയ മധുരം നുകരുകയും ചെയ്തു.
ഏഷ്യാ കപ്പ് കൈക്കലാക്കിയതോടെ സ്വന്തം നാട്ടില്‍ ഇന്നാരംഭിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പിലും ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായി ഇന്ത്യ മാറി കഴിഞ്ഞു. ടീമിലെ ഓരോ താരവും മികച്ച പ്രകടനം പുറത്തെടുത്തതാണ് അപരാജിതമായി ഏഷ്യാ കപ്പ് നേടാന്‍ ഇന്ത്യയെ സഹായിച്ചത്.
ട്വന്റി ലോകകപ്പിലും ഈ പ്രകടനം പുറത്തെടുക്കാനായാല്‍ ഇന്ത്യക്ക് ചാംപ്യന്‍പട്ടം സ്വന്തമാക്കാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടിവരില്ല. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍ എന്നീ ശക്തരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ട്വന്റി ലോകകപ്പില്‍ ഇന്ത്യ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. ഈ മാസം 15ന് ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ അങ്കം. ട്വന്റിയില്‍ തുടര്‍ച്ചയായ ഏഴു മല്‍സരങ്ങളില്‍ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്തായാലും ഏഷ്യക്ക് പുറമേ ലോക കിരീടവും ധോണിപ്പട സ്വന്തമാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
Next Story

RELATED STORIES

Share it