Flash News

ഏഷ്യ- പസഫിക് ഇക്കണോമിക് കോര്‍പറേഷന്‍ : നിലപാട് കടുപ്പിച്ച് ട്രംപ്



ഡനാങ്: വിയറ്റ്‌നാമില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പറേഷന്‍ (അപെക്) ഉച്ചകോടിയില്‍ വ്യാപാര നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാലഹരണപ്പെട്ട വ്യാപാര നയങ്ങളോട് യോജിക്കാനാവില്ലെന്നും നിയമാനുസൃതവും തുല്യപങ്കാളിത്തമുള്ളതുമായ പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ ഏതു രാജ്യങ്ങളുമായും ഉഭയകക്ഷി ധാരണയ്ക്കു യുഎസ് തയ്യാറാണെന്നും എന്നാല്‍, പരസ്പര ബഹുമാനത്തിന്റെയും ആനുകൂല്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം അതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മറ്റു രാജ്യങ്ങളുമായോ ജനങ്ങളുമായോ വ്യാപാര കരാറിലെത്തുമ്പോള്‍ തങ്ങളുടെ പങ്കാളികള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇരു വിഭാഗത്തിനും തുല്യ പങ്കാളിത്തമുള്ള രീതിയില്‍ വ്യാപാരം തുടങ്ങാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. അതു സ്വകാര്യ മേഖലയിലായിരിക്കുമെന്നും അപെക് ഉച്ചകോടിയില്‍ അദ്ദേഹം അറിയിച്ചു. 12 ദിവസത്തെ ഏഷ്യാ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് വിയറ്റ്‌നാമില്‍ നടക്കുന്ന അപെക് സമ്മേളനത്തിനെത്തിയത്. ആഗോളവല്‍ക്കരണം  അസാധാരണമായ വ്യാപാര പ്രവണതയാണെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു.  ബഹുരാഷ്ട്ര വ്യാപാര കരാറുകള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നതായുംഅദ്ദേഹം പറഞ്ഞു. ഇതു യുഎസ്-ചൈന അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയതായാണ് വിവരം.യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യാപാര മിച്ചമുള്ള രാജ്യമാണ് ചൈന. വിയറ്റ്‌നാമും വ്യാപാര മിച്ചമുള്ളവരുടെ പട്ടികയില്‍ വരും. അതേസമയം, ട്രംപ് മുന്നോട്ടുവച്ച നയങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നതാണെന്നു നിരീക്ഷകര്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it