ഏഷ്യാ കപ്പ്: പാകിസ്താന് ആറ് വിക്കറ്റ് ജയം

ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്നലെ നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിലെ അപ്രധാന മല്‍സരത്തില്‍ ശ്രീലങ്കയെയാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. ലങ്കയ്‌ക്കെതിരേ ആറു വിക്കറ്റിന്റെ ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്.
ഇരു ടീമും നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ ഇന്നലത്തെ മല്‍സരഫലത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. ഇന്ന് മല്‍സരമില്ല. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ എതിരിടും.
ശ്രീലങ്കയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ് ശ്രീലങ്കന്‍ ഓപണര്‍മാര്‍ ബാറ്റ് വീശിയത്. തിലകരത്‌നെ ദില്‍ഷനും (75*) ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലും (58) മികച്ച തുടക്കം നല്‍കിയപ്പോള്‍ ശ്രീലങ്ക നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 150 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തു.
മറുപടിയില്‍ പാക് ബാറ്റിങ് നിരയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയായിരുന്നു. ഇതോടെ 19.2 ഓവറില്‍ നാലു വിക്കറ്റിന് പാകിസ്താന്‍ ലക്ഷ്യം മറികടന്നു. 37 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 48 റണ്‍സെടുത്ത ഉമര്‍ അക്മലാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍.
27 പന്ത് നേരിട്ട സര്‍ഫ്രാസ് അഹ്മദ് ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 38 റണ്‍സെടുത്തു. ഓപണര്‍ സര്‍ജീല്‍ ഖാന്‍ 24 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 31 റണ്‍സ് നേടി. പാക് വിജയം പൂര്‍ത്തിയാക്കുമ്പോള്‍ 13 റണ്‍സുമായി ശുഐബ് മാലിക്കും റണ്ണൊന്നുമെടുക്കാതെ അരങ്ങേറ്റക്കാരന്‍ ഇഫ്ത്തിക്കര്‍ അഹ്മദുമായിരുന്നു ക്രീസില്‍.
ശ്രീലങ്കയ്ക്കു വേണ്ടി നുവാന്‍ കുലശേഖര, ഷെഹ്ഹാന്‍ ജയസൂര്യ, ദില്‍ഷന്‍, മിലിന്ദ സിരിവര്‍ധന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ പുറത്താവാതെ 56 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് ദില്‍ഷന്‍ ലങ്കയുടെ അമരക്കാരനായത്. 49 പന്ത് നേരിട്ട ചാണ്ഡിമലിന്റെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. പാകിസ്താനു വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും വഹാബ് റിയാസ്, മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഉമര്‍ അക്മലാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it