ഏഷ്യാ കപ്പ്: ഇന്ത്യക്ക് കിരീടം

കൊച്ചി: കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ചാംപ്യന്‍മാരായത്.
2012ലെ പ്രഥമ ബ്ലൈന്‍ഡ് ട്വന്റി ലോകകപ്പിലും 2014ലെ ബ്ലൈന്‍ഡ് ലോകകപ്പിലും ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ കീരീടനേട്ടം ആഘോഷിച്ചത്. സ്‌കോര്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 208, പാകിസ്താന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപണര്‍മാരായ വെങ്കിടേഷും (36) ദീപക് മാലികും (40) ഗംഭീര തുടക്കം നല്‍കി. പ്രകാശ് ജെറമിയ റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും മധ്യനിരയില്‍ കേതന്‍ പട്ടേലും (34) അനില്‍ ഗരിയയും (25) കരുതലോടെ ബാറ്റു വീശി. അവസാന ഓവറുകളില്‍ ക്യാപ്ടന്‍ അജയ് റെഡ്ഡിയുടെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ പൊരുതാനുള്ള സ്‌കോറി ലെത്തെി. 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 34 റണ്‍സോടെ അജയ് റെഡ്ഡിയും എട്ട് റണ്‍സുമായി ഇഖ്ബാല്‍ ജാഫറും പുറത്താവാതെ നിന്നു. പാകിസ്താന് വേണ്ടി ഹറൂണ്‍ ഖാനും സജിദ് നവാസും ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഓപണര്‍ ഹറൂണ്‍ ഖാനെ അജയ് റെഡ്ഡി സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്ത് പുറത്താക്കി.
നാല് റണ്‍സെടുത്ത സാഹിദ് മുഹമ്മദ് ദീപക് മാലിക്കിന്റെ പന്തിലും പുറത്തായി. പിന്നാലെയെത്തിയ പലരും പെട്ടെന്ന് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ അമീര്‍ ഇഷ്ഫാഖ് (38) പാകിസ്താനു വേണ്ടി ചെറുത്ത് നില്‍പ്പ് നടത്തി. ദീപക് മാലിക്കാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it