ഏഷ്യാകപ്പ് ക്രിക്കറ്റ്; ലങ്കയെ വിറപ്പിച്ച് യുഎഇ കീഴടങ്ങി

മിര്‍പൂര്‍: ദുര്‍ബലരായ യു.എ.ഇയ്ക്കു മുന്നില്‍ പതറിപ്പോയ ശ്രീലങ്കയ്ക്കു ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ രണ്ടാം മല്‍സരത്തില്‍ നിറം മങ്ങിയ ജയം. ആദ്യമായി ഏഷ്യാകപ്പ് കളിക്കാനെത്തിയ യു.എ.ഇയെ 14റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്. ഉജ്ജ്വല ബൗളിങ് കാഴ്ച വച്ച് ചെറിയ സ്‌കോറിന് ലങ്കയെ വിരിഞ്ഞു മുറുക്കിയെങ്കിലും ബാറ്റിങിലെ പരിചയക്കുറവാണ് യു.എ.ഇയ്ക്കു വിനയായത്.
ടോസ് നേടിയ യു.എ.ഇ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. ദുര്‍ബലരുടെ കരുത്തുറ്റ ബൗളിങിനു മുന്നില്‍ പകച്ച ലങ്കയെ ഓപ്പണര്‍ ദിനേശ് ചണ്ഡിമലിന്റെ അര്‍ദ്ദസെഞ്ച്വറി (55 പന്തില്‍ നിന്ന് 50)യാണ് മാന്യമായ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ദിനേശിന്റെ ഇന്നിങ്‌സ്. ദിനേശിനെക്കൂടാതെ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനു (28 പന്തില്‍ നിന്ന് 27) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഒമ്പതാം ഓവറില്‍ സ്‌കോര്‍ 68ലെത്തി നില്‍ക്കേ അംജദ് ജാവേദിന്റെ പന്തില്‍ മുഹമ്മദ് ഉസ്മാന്‍ ക്യാച്ചെടുത്ത് ദില്‍ഷന്‍ മടങ്ങി. സ്‌കോര്‍ 83ലെത്തി നില്‍ക്കേ 13-ാം ഓവറില്‍ ചണ്ഡിമലും മടങ്ങി. തുടര്‍ന്നെത്തിയ ലങ്കയുടെ പേരു കേട്ട ബാറ്റിങ് നിര പക്ഷേ യു.എ.ഇയുടെ ഉജ്ജ്വല ബൗളിങ്ങിനു മുന്നില്‍ ഒന്നൊന്നായി കൂടാരം കയറി. ലങ്കയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം പോലും തികക്കാതെ പുറത്തു പോയത്. 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അംജദ് ജാവേദാണ് ലങ്കന്‍ സ്‌കോര്‍ ചുരുട്ടിക്കെട്ടാന്‍ യു.എ.ഇയെ സഹായിച്ചത്. മുഹമ്മദ് നവീദ്, മുഹമ്മദ് ഷഹ്‌സാദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ യു.എ.ഇ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 115 റണ്‍സെടുത്തത്. ഇന്ത്യന്‍ വംശജനായ ബാറ്റ്‌സ്മാന്‍ സ്വപ്‌നില്‍ പാട്ടീലിന്റെ ( 36 പന്തില്‍ നിന്ന് 37) ഇന്നിങ്‌സാണ് ലങ്കക്കെതിരേ പൊരുതാന്‍ യു.എ.ഇയെ സഹായിച്ചത്.
Next Story

RELATED STORIES

Share it