Flash News

ഏഷ്യന്‍ വനിതാ ബോക്‌സിങ് : മേരി കോം ഫൈനലില്‍



ഹോചിമിന്‍ സിറ്റി(വിയറ്റ്‌നാം): ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് മെഡലിസ്റ്റും അഞ്ച് തവണ ലോക വനിതാ ബോക്‌സിങ് ചാംപ്യനുമായ  മേരികോം ഫൈനലില്‍ കടന്നു. ജപ്പാന്റെ സുബാസ കൊമുറയ്‌ക്കെതിരെ 5-0 ന്റെ ആധികാരിക ജയം പിടിച്ചെടുത്തായിരുന്നു മണിപ്പൂരുകാരിയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ കൊമുറയെ തോല്‍പിച്ചതോടെ, പങ്കെടുത്ത ആറ് ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിലും  ഫൈനലിലെത്താന്‍  മേരി കോമിന് കഴിഞ്ഞു. ആറ് മല്‍സരത്തില്‍ നിന്നായി അഞ്ച് ഗോള്‍ഡും ഒരു സില്‍വറും താരം നേടിയിട്ടുണ്ട്. ഇതുവരെയുള്ള ഏഷ്യന്‍ ചാംപ്യഷിപ്പില്‍  46 കിലോ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ മല്‍സരിച്ച്  പരിചയമുള്ള മേരി കോമിന്റെ ആദ്യ 48 കിലോ ഇവന്റാണിത്. രാജ്യ സഭാ എം പി കൂടിയായ മേരി കോം സെമിയിലെ ഓരോ റൗണ്ട് ആരംഭിക്കുമ്പോഴും ഉരുക്കു വനിതയെപ്പേലെ ആക്രമണത്തിന്റെയും പഞ്ചിങ്ങിന്റെയും മൂര്‍ച്ച കൂട്ടിയപ്പോള്‍ നിരുപാധികം പ്രതിരോധിച്ചു നില്‍ക്കാനേ ജാപ്പനീസ് താരത്തിനായുള്ളൂ. മല്‍സരം അവസാന സമയത്തേക്കടുക്കുന്തോറും ജാപ്പനീസ് താരത്തിന്‍മേല്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.  ഫൈനലില്‍ ജയിച്ചാല്‍ ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ താരത്തിന്റെ അഞ്ചാം സ്വര്‍ണ മെഡലാവും ഇത്.
Next Story

RELATED STORIES

Share it