Flash News

ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് : മുഹമ്മദ് അനസിന് സ്വര്‍ണം



തായ്‌പേയ്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഗ്രാന്റ് പ്രിക്‌സില്‍ മലയാളി മിടുക്കില്‍ ഇന്ത്യക്ക് മികച്ച നേട്ടം. ദേശീയ റെക്കോഡിട്ട മലയാളി ഒളിംപ്യന്‍ മുഹമ്മദ് അനസ് സ്വര്‍ണം നേടിയതോടെ അവസാന ലെഗില്‍ ഇന്ത്യക്ക് എട്ട് മെഡല്‍. മലയാളികളായ ടിന്റുലൂക്കയും ജിന്‍സന്‍ ജോണ്‍സണും വെള്ളിയും കരസ്ഥമാക്കി. അനസിനു പുറമെ, ഷോട്ട്പുട്ടില്‍ ഓംപ്രകാശ് കരാനയും സ്വര്‍ണം കൈവരിച്ചു. ആദ്യ രണ്ടുപാദങ്ങളില്‍ മല്‍സരിക്കാന്‍ സാധിക്കാതിരുന്ന അനസ് 400 മീറ്ററില്‍ 45.69 സെക്കന്റുകൊണ്ടാണ് ഒന്നാംസ്ഥാനത്ത് ഓടിയെത്തിയത്. അതേസമയം സെക്കന്റുകള്‍ക്കരികെ അനസിന് ലോകചാംപ്യന്‍ഷിപ്പ് യോഗ്യത നഷ്ടമായി. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു ലൂക്കയ്ക്ക് വെള്ളി.  ടിന്റുവിനെ ശ്രീലങ്കന്‍താരം ഗായന്തിക തുഷാരി പത്ത് സെക്കന്റ് വ്യത്യാസത്തിലാണ് പിന്നിലാക്കിയത്. ആദ്യ രണ്ടുപാദങ്ങളിലും ടിന്റു ഓരോ വെള്ളി വീതം നേടിയിരുന്നു. പുരുഷ വിഭാഗം 800 മീറ്ററില്‍ 1:51:35 മിനിറ്റ് സമയമെടുത്താണ് ജിന്‍സണ്‍ ജോണ്‍സണ്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്ത്രീകളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ 17.38 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. ചൈനയുടെ സോങ് ഷിയായുവാന്‍ ആണ് സ്വര്‍ണം നേടിയത്. സ്ത്രീകളുടെ നൂറുമീറ്റര്‍ ഓട്ടത്തില്‍ 11.52 സെക്കന്റു കൊണ്ട് ഫിനിഷ് ചെയ്ത ദ്യുതി ചന്ദ് ഇന്ത്യയുടെ നാലാംവെള്ളി കരസ്ഥമാക്കി. ഒന്നാംപാദത്തിലും രണ്ടാംപാദത്തിലും വെള്ളി നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് മൂന്നാംപാദത്തില്‍ വെങ്കലമാണ് ലഭിച്ചത്. സ്ത്രീകളുടെ 400 മീറ്ററില്‍ 53.11 സെക്കന്റ് കൊണ്ട് ഫിനിഷ് ചെയ്ത എം ആര്‍ പൂവമ്മയാണ് മറ്റൊരു വെങ്കല ജേത്രി. ഗ്രാന്റ് പ്രിക്‌സിന്റെ ഒന്നാംപാദത്തില്‍ ഏഴ് മെഡല്‍ നേടിയ ഇന്ത്യ രണ്ടാംപാദത്തില്‍ ആറ് മെഡലുകളും നേടിയിരുന്നു.
Next Story

RELATED STORIES

Share it