ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മന്ത്രി

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ മലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കടവന്ത്ര റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദുരിതപൂര്‍ണമായ അന്തരീക്ഷത്തില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതരത്തില്‍ വരവേല്‍പ്പ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തിരുവനന്തപുരത്ത് ഉടന്‍ തന്നെ ഇവരെ ആദരിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിക്കും. ഇവരുടെ പരിശ്രമങ്ങള്‍ക്ക് അനുയോജ്യമായ ഉപഹാരം തന്നെ നല്‍കും.
കായികരംഗത്തെ നിര്‍ലോഭമായി സഹായിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഈ സര്‍ക്കാര്‍ ഇതുവരെ 157 കായികതാരങ്ങള്‍ക്ക് ജോലി നല്‍കി. ഇത് പൊതുനയമായിത്തന്നെ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 700 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാ ജില്ലയിലും ഫുട്‌ബോള്‍ കോച്ചിങ് സെന്ററുകള്‍ തുടങ്ങും. ദുരിതാശ്വാസത്തിനുള്ള ധനശേഖരണാര്‍ഥം രാജ്യാന്തര നിലവാരത്തിലുള്ള ഫുട്‌ബോള്‍ മല്‍സരം കൊച്ചിയിലും ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ പി ആര്‍ ശ്രീജേഷ്, പി യു ചിത്ര, ജിത്തു ബേബി, കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, നീന, വിസ്മയ, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ (ആര്‍എസ്‌സി) ഓണററി മെംബര്‍ഷിപ്പും ചടങ്ങില്‍ ഇവര്‍ക്ക് മന്ത്രി വിതരണം ചെയ്തു. ആര്‍എസ്‌സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍കൂടിയായ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള മന്ത്രിക്കു കൈമാറി. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it