ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ കിലുക്കത്തില്‍ അഭിമാനത്തോടെ സായി എല്‍എന്‍സിപിഇ

തിരുവനന്തപുരം: ജക്കാര്‍ത്തയിലെ ട്രാക്കിലും ഫീല്‍ഡിലുമായി നേടിയ മെഡലുകളില്‍ ഭൂരിഭാഗവും തിരുവനന്തപുരം എല്‍എന്‍സിപിഇയുടെ കരസ്പര്‍ശത്താല്‍. ഇവിടത്തെ ട്രാക്കിലും ജംപ് പിറ്റുകളിലും പരിശീലിച്ച മിക്ക താരങ്ങളും നേട്ടങ്ങള്‍ കൊയ്തു. ലോങ് ജംപില്‍ വെള്ളി നേടിയ നീന വി പിന്റോ എല്‍എന്‍സിപിഇയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിശീലനം നേടുന്ന താരമാണ്. 48 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തിനു വേണ്ടി ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ അര്‍പ്പിന്ദര്‍ സിങ്, വിദേശ കോച്ചായ ബെഡ്—റോസ് ബെഡ്—റോസിയനു കീഴില്‍ എല്‍എന്‍സിപിഇയിലെ ദേശീയ ക്യാംപില്‍ പരിശീലനം നേടിയ താരമാണ്. മുഹമ്മദ് അനസ്, അനു രാഘവന്‍, മന്‍ജിത് സിങ്, ജിന്‍സണ്‍ ജോണ്‍സണ്‍, സുധ സിങ്, ജി ലക്ഷ്മണ്‍, ജെ എസ് ഭാട്ടിയ, ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, സൗരവ് ഘോശാല്‍ എന്നിവരും എല്‍എന്‍സിപിഇയുടെ കീഴില്‍ പരിശീലനം ലഭിച്ച ശേഷമാണ് ജക്കാര്‍ത്തയിലെത്തിയത്. സ്‌ക്വാഷ് വനിതാ ടീമിന്റെ വെള്ളിത്തിളക്കവും ഈ ക്യാംപില്‍ നിന്നാണ്. ദ്യുതി ചന്ദ്, ഹിമദാസ്, ധരുണ്‍ അയ്യാ സ്വാമി എന്നിവരും വിദേശ കോച്ചായ എസ് ഗലീനയുടെ ശിക്ഷണത്തില്‍ എല്‍എന്‍സിപിഇയിലെ ദേശീയ ക്യാംപില്‍ കഴിഞ്ഞ വര്‍ഷം പരിശീലനം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ ഓരോ മെഡല്‍തിളക്കത്തിന്റെ പിന്നിലും സായി എല്‍എന്‍സിപിഇയുടെ പിന്തുണയും പങ്കാളിത്തവും ഉണ്ടെന്നുള്ളത് ഏറെ ചാരിതാര്‍ഥ്യത്തോടെയാണു നോക്കിക്കാണുന്നതെന്ന് എല്‍എന്‍സിപിഇ പ്രിന്‍സിപ്പലും സായി റീജ്യനല്‍ ഡയറക്ടറുമായ ഡോ. കിഷോര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it