Flash News

ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം : ജയം തുടരാന്‍ ഇന്ത്യ



ബംഗളൂരു: ഏഷ്യന്‍ കപ്പ് യോഗ്യത കരസ്ഥമാക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് ബൂട്ടണിയും. മൂന്നാം റൗണ്ടില്‍ കിര്‍ഗിസ്താനെതിരെ രാത്രി എട്ട് മണിക്ക് ബംഗളൂരുവിലാണ് മല്‍സരം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ ഹോം മല്‍സരമാണ് ഇന്നത്തേത്. ഫിഫ റാങ്കിങില്‍ നൂറാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്ക് നിര്‍ണായകമാണ് ഇന്നത്തെ മല്‍സരം.———ഗ്രൂപ്പ് എയില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യ, ആദ്യ മല്‍സരത്തില്‍ മ്യാന്‍മറിനെ മറികടന്നിരുന്നു. ഏകപക്ഷീയമായ ഒറ്റ ഗോളില്‍ ജയിച്ച് ഇന്ത്യ മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ അതേ സ്‌കോറില്‍ മകാവുവിനെ തോല്‍പിച്ച കിര്‍ഗിസ്താനും സമാന പോയിന്റുമായി ഇന്ത്യക്ക് വെല്ലുവിളിയായി. ഇന്നത്തെ മല്‍സരത്തില്‍ തോറ്റാല്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമാവും. അതോടൊപ്പം, 2016 ജൂണിന് ശേഷം തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ വിജയം കണ്ട ഇന്ത്യക്ക് റാങ്കിങിലും നഷ്ടമുണ്ടാവും. ഈ തുടര്‍ജയങ്ങളാണ് ഫിഫ റാങ്കിങില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായത്. മുംബൈയില്‍ കഴിഞ്ഞയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ നേപ്പാളിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്്. കരുത്തുറ്റ പ്രതിരോധവും ശക്തമായ ആക്രമണനിരയുമുള്ള ഇന്ത്യന്‍ നിര മികച്ച പ്രകടനം കാഴ്ചവക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അവസാന അഞ്ച് മല്‍സരങ്ങളിലും ഗോള്‍ സ്‌കോര്‍ ചെയ്ത ജെജെ ലാല്‍പെഖുലു, മുന്നേറ്റത്തിന്റെ കരുത്തായ സുനില്‍ ഛേത്രി, പ്രകടനം മെച്ചപ്പെടുത്തിയ റോബിന്‍ സിങ്്, നേപ്പാളിനെതിരേ ഗോള്‍ അക്കൗണ്ട് തുറന്ന സന്ദേശ് ജിങ്കന്‍, അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് മികച്ച ഡിഫന്‍സ് കൂട്ടുകെട്ടായ അനസ് എടത്തൊടിക എന്നിവരാണ് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ ഇന്ത്യയെ വെന്നിക്കൊടി പാറിക്കാന്‍ സഹായിച്ചത്.മികച്ച ഫോമിലുള്ള സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ കരുത്ത് ഇന്ത്യയെ നയിക്കുമെന്ന കണക്കുകൂട്ടലിലാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍. കഴിഞ്ഞ മല്‍സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങി കരുത്തുറ്റ പ്രകടനം പുറത്തെടുത്ത മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസും ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യയുടെ ആക്രമണത്തിന്റെ ചുമതല ഛേത്രി- ബോര്‍ഗസ് കൂട്ടുകെട്ട് ഏറ്റെടുക്കും.—യോഗ്യതാ മല്‍സരം ആരംഭിക്കെ ഫിഫ റാങ്കിങില്‍ ഇന്ത്യ 132ാം സ്ഥാനത്തായിരുന്നപ്പോള്‍ 125ാം റാങ്കുകാരായിരുന്നു കിര്‍ഗിസ്താന്‍. എന്നാല്‍, ഇന്ത്യ 100ാം സ്ഥാനത്തെത്തിയപ്പോഴും 132ല്‍ തന്നെയായിരുന്നു കിര്‍ഗിസ്താന്‍. 2014ല്‍ റഷ്യന്‍ പരിശീലകന്‍ അലെക്‌സാണ്ടര്‍ ക്രെസ്റ്റെന്‍ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം കിര്‍ഗിസ്താനും പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it