ഏഴ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങി

ന്യൂഡല്‍ഹി: കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടങ്ങി. ജൂണ്‍ 1 മുതല്‍ 10 വരെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കില്ല.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനടപടികളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും കിസാന്‍ ഏക്താ മഞ്ചിന്റേയും നേതൃത്വത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം മധ്യപ്രദേശിലാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് കര്‍ണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരും സമരത്തിന്റെ ഭാഗമായി. ഗാവോം ബന്ദ് (ഗ്രാമ ഉപരോധം) എന്നാണ് സമരത്തിന്റെ പേര്. പത്താം ദിവസം ഭാരത്ബന്ദിനും നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയുകയോ റോഡുപരോധിക്കുകയോ ചെയ്യില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് അറിയിച്ചു. രാജ്യത്തെ 30 പ്രധാന ദേശീയ പാതയോരങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിക്കും.
ചില സംസ്ഥാനങ്ങളില്‍ പച്ചക്കറികളുമായി പോയ വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ കര്‍ഷകര്‍ വിളകള്‍ റോഡില്‍ തള്ളിയാണ് പ്രതിഷേധിക്കുന്നത്. ലുധിയാനയിലെ സമ്രാളയിലും കര്‍ഷകര്‍ റോഡില്‍ പാല്‍ ഒഴുക്കി പ്രതിഷേധിച്ചു.
ഗ്രാമത്തിന് പുറത്തേക്ക് വിളകള്‍ എത്തിക്കില്ല. ആവശ്യക്കാര്‍ ഗ്രാമങ്ങളിലെത്തി വാങ്ങണമെന്നാണ് രാഷ്ട്രീയ കിസാന്‍സഭ മഹാസംഘ് പ്രസിഡന്റ് ശിവ്കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. 22 സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശില്‍ 15000 പോലിസുകാരെ സമരം നടക്കുന്ന പ്രദേശങ്ങളില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കര്‍ഷക സമരത്തിനെത്തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ 51 ജില്ലകളില്‍ 18 എണ്ണം സമരച്ചൂടിലാണ്. പച്ചക്കറി, പാല്‍ വിപണിയെ വെള്ളിയാഴ്ച ഉച്ചയോടെ തന്നെ സമരം ഭാഗികമായി ബാധിച്ചിട്ടുണ്ട്.
130 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് രാഷ്ട്രീയ കിസാന്‍ സംഘ്. സമരത്തിന് 200ഓളം കര്‍ഷസംഘടനകള്‍ പിന്തുണ നല്‍കിയതായി അവര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു ശേഷം മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് സമരം.
Next Story

RELATED STORIES

Share it