kannur local

ഏഴോത്ത് ടൂറിസം, ജൈവ ഗ്രാമം പദ്ധതി: എട്ടിന് ബോട്ട് നീറ്റിലിറക്കും

കണ്ണൂര്‍: ഏഴോം സര്‍വീസ് സഹകരണ ബാങ്ക് അഗ്രോ റിവര്‍ സസ്‌റ്റെയ്‌നബിള്‍ ടൂറിസം പദ്ധതിയായ ‘ഏഴിലം’ ഈമാസം എട്ടിന് രാവിലെ 9.30ന് കോട്ടക്കീല്‍ ഫിഷ് ലാന്റിങ് സെന്റര്‍ പരിസരത്ത് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ജൈവഗ്രാമ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായി 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡെ ക്രൂയിസര്‍ ബോട്ട് നീറ്റിലിറക്കും. സഹകരണ മേഖലയില്‍ ആദ്യമായാണ് ഏഴോം സര്‍വീസ് സഹകരണ ബാങ്ക് ടൂറിസം, ജൈവ ഗ്രാമം പദ്ധതിയിലൂടെ ഒരു പുതിയ ചുവടുവയ്പ് നടത്തുന്നത്. നാടിന്റെ പ്രകൃതിഘടന നഷ്ടപ്പെടാതെ തദ്ദേശീയരരെ ഭാഗമാക്കുന്ന ഇക്കോ ഫ്രണ്ട്‌ലി സസ്റ്റയിനബിള്‍ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കണ്ടല്‍ കണ്ടറിയുവാനും സംരക്ഷിക്കാനും പഠനം നടത്താനും കഴിയുന്ന രീതിയിലാണ് പദ്ധതി.
കൈപ്പാട് അരിയും പഴയങ്ങാടി കുപ്പം പുഴയിലെ മല്‍സ്യ വിഭവങ്ങള്‍ ഉപയോഗിച്ച് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കും. ജലയാത്രയോടൊപ്പം മാടായികാവ് വടുകുന്ദശിവക്ഷേത്രം, ഏഴിമല, തളിപ്പറമ്പ് ക്ഷേത്രങ്ങള്‍, പറശ്ശിനിക്കടവ് തുടങ്ങിയ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി യാത്രാ പാക്കേജുകളും നടത്തും. കോട്ടക്കീല്‍ കേന്ദ്രീകരിച്ച് അഗ്രോ ടൂറിസം വില്ലേജ് പദ്ധതി ഒരുക്കും. സഹകരണ വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് 32 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദാലി ലോഗോ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ആദ്യടിക്കറ്റ് വില്‍പന നടത്തും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ വി നാരായണന്‍ താല്‍ക്കാലിക ബോട്ടുജെട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടി വി രാജേഷ് എംഎല്‍എ, മധുകുമാര്‍, ഇ വേണു, എം സുകുമാരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it