Idukki local

ഏഴു വയസ്സുകാരിക്ക് മാനസിക പീഡനം; പള്ളി വികാരിക്കെതിരായ പരാതിയില്‍ ഹിയറിങ് 29ന്

തൊടുപുഴ: വസ്ത്രധാരണത്തിന്റെ പേരില്‍ ഏഴുവയസ്സുകാരിയെ പള്ളി വികാരി മാനസികമായി പീഡിപ്പിച്ചെന്ന പരാതി 29നു ഹിയറിങിന് മാറ്റി. വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.29ന് കുട്ടിയുടെ രക്ഷിതാക്കളെയും പള്ളി വികാരിയെയും പങ്കെടുപ്പിച്ചാകും ഹിയറിങ് നടത്തുകയെന്ന് ശിശുക്ഷേമസമിതി ചെയര്‍മാന്‍ പറഞ്ഞു.
ഈ മാസം ഏഴിനാണ് പടിഞ്ഞാറേ കോടിക്കുളത്തിനു സമീപമുള്ള വാഴക്കാല പള്ളിയിലെ വികാരിയച്ഛന്‍ പെണ്‍കുട്ടിയെ അള്‍ത്താരയില്‍ കയറ്റി നിര്‍ത്തി അധിക്ഷേപിച്ചതായി പിതാവ് തൊടുപുഴ ഡിവൈഎസ്പിക്കും ശിശുക്ഷേമ സമിതി ചെയര്‍മാനും പരാതി നല്‍കിയത്.സംഭവ ദിവസം തന്നെ പരാതി നല്‍കിയിട്ടും അതിന്മേല്‍ യാതോരു നടപടിയുമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ശിശുക്ഷേമ സമിതിയില്‍ നിന്നും മൊഴിയെടുത്തുപോയെങ്കിലും റിപോര്‍ട്ട് നല്‍കാതെ നീട്ടുകയായിരുന്നു. പത്രവാര്‍ത്തകള്‍ വന്നതോടെയാണ് റിപോര്‍ട്ട് സമിതിക്കു കൈമാറിയത്.
അതേസമയം പരാതിയില്‍ തീര്‍പ്പ് അനാവശ്യമായി നീട്ടിക്കൊണ്ടു പോവുന്നതായി പെ ണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടു. വികാരിയച്ഛന് അനുകൂലമായി റിപോര്‍ട്ട് തയ്യാറാക്കാനും നീക്കമുണ്ട്.മൊഴിയെടുക്കാനെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തക പക്ഷപാതപരമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.മൊഴിയെടുക്കാനായി പെ ണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇവര്‍ പെണ്‍കുട്ടിയോടല്ലാതെ പള്ളിയിലുണ്ടായിരുന്ന മറ്റു കുട്ടികളോടോ അധ്യാപകരോടോ വിവരമാരാഞ്ഞില്ല.
അതേസമയം, പള്ളിമേടയിലെത്തി വികാരിയച്ഛനെ കണ്ട് അദ്ദേഹത്തിന്റെ ഭാഗം വിശദമായി ചോദിച്ചറിഞ്ഞെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ മൊഴിയെടുക്കാന്‍ നിയോഗിക്കപ്പെട്ട ആള്‍ കുറ്റമാരോപിക്കപ്പെടുന്ന ആളിന്റെ വിശദീകരണം തേടിയതും നിയമവിരുദ്ധമല്ലേയെന്നും വീട്ടുകാര്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it