malappuram local

ഏഴു വയസ്സുകാരന്‍ അയ്ഷല്‍ദാനിക്ക് ഹിന്ദി ബഹുത്ത് പസന്ദ് ഹെ!

പരപ്പനങ്ങാടി: അയ്ഷല്‍ദാനി ഹിന്ദിഭാഷയില്‍ ആശയവിനിമയം നടത്തുന്നത് കേട്ടാല്‍ ഉത്തരേന്ത്യന്‍ ബാലനാണെന്നെ തോന്നൂ. രണ്ടാംക്ലാസ്സ് കാരനായ അയ്ഷലിന് ആരുടെയെങ്കിലും സഹായമോ ശിക്ഷണമോ ലഭിച്ചിട്ടില്ലെങ്കിലും ദേശീയ ഭാഷയായ ഹിന്ദിയില്‍ നന്നായി സംസാരിക്കും.
നാലു വയസ്സുമുതല്‍ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങിയിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. വീട്ടില്‍ പണിക്കെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികളോട് നന്നായി ഹിന്ദി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരും അത്ഭുതപ്പെടുകയാണ്. മലയാളത്തെക്കാള്‍ നന്നായി ഹിന്ദിയില്‍ സംസാരിക്കാന്‍ കഴിയും.പരപ്പനങ്ങാടി സ്വദേശി എ മുഹമദ് അന്‍വര്‍-ശബാന ദമ്പതികളുടെ മകനാണ് ഈ എഴുവയസ്സുകാരന്‍. ഉമ്മ അധ്യാപികയാണെങ്കിലും വിഷയം അറബിക്കാണ്.താനൂര്‍ എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അയ്ഷല്‍. എന്നാല്‍ രണ്ടാം തരത്തില്‍ ഹിന്ദി അക്ഷരങ്ങള്‍ പഠിപ്പിച്ചു തുടങ്ങുന്നതേയുള്ളൂ. ഹിന്ദി സംസാരിക്കുന്നവരായി വീട്ടിലോ പരിസരത്തോ ആരുംതന്നെ ഇല്ല. സഹപാഠികളാരെങ്കിലും ഹിന്ദി സംസാരിക്കുന്നവരായും ഇല്ല. മലയാള നാട് വിട്ട് പുറത്തുപോയിട്ടുമില്ല. പിന്നെ എങ്ങനെയാണ് ഹിന്ദി അനായസം കൈകാര്യംചെയ്യാനുള്ള സിദ്ധി ലഭിച്ചു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് കുട്ടിയില്‍ ഒളിഞ്ഞു കിടക്കുന്ന സിദ്ധി തിരിച്ചറിഞ്ഞു രക്ഷിതാക്കളെ അറിയിച്ചത്. വീട്ടില്‍ ടി വി കാണുമ്പോള്‍ കുട്ടി ഹിന്ദി ചാനലിനോടാണ് താല്‍പര്യം കാട്ടുന്നത്.ഹിന്ദി സംസാരിക്കുന്നവരെ വളരെയിഷ്ടമാണ്.യാത്രക്കിടയില്‍ റെയില്‍വെ സ്‌റ്റെഷനിലും മറ്റും ഉത്തരേന്ത്യന്‍ യാത്രക്കാരോട് ഹിന്ദിയില്‍ സംസാരിക്കും. എങ്ങിനെയാണ് ഹിന്ദി പഠിച്ചതെന്ന ചോദ്യത്തിന് തന്നത്താന്‍ പടിച്ചതാണെന്നാണ് അയ്ഷല്‍ ദാനിയുടെ ഉത്തരം.
വീടുകളില്‍ തൊഴിലിനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയെടുക്കുന്ന വിധം പറഞ്ഞുകൊടുക്കാന്‍ ഹിന്ദി അറിയുന്ന ഈ ഏഴുവയസ്സുകാരനെയാണ് അടുത്തുള്ളവര്‍ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it