kasaragod local

ഏഴു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം : മണ്ടേക്കാപ്പ് ഗ്രാമം ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ട്



ബന്തിയോട്: മണ്ടേക്കാപ്പ് ഗ്രാമം ഉണര്‍ന്നത് ദുരന്തവാര്‍ത്ത കേട്ട്. മണ്ടേക്കാപ്പിലെ ഒരു കുടുംബത്തിലെ ഏഴുപേര്‍ തമിഴ്‌നാട്ടിലെ കരൂരില്‍ വാഹനാപകടത്തില്‍ മരിച്ച വിവരമറിഞ്ഞാണ് നാട്ടുകാര്‍ ഉണര്‍ന്നത്. വേളാങ്കണ്ണി ചര്‍ച്ചിലേക്ക്് സന്ദര്‍ശനത്തിന് പോയ മണ്ടേക്കാപ്പിലെ ഏഴുപേരാണ് ഇവര്‍ സഞ്ചരിച്ച സുമോയില്‍ ലോറിയിടിച്ച് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഈ കുടുംബത്തിലെ ആല്‍വിന്റെ കല്ല്യാണം നടന്നിരുന്നു. കല്ല്യാണ പരിപാടിക്ക് ശേഷം വേളാങ്കണ്ണി ചര്‍ച്ചിലേക്ക് പോയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച സുമോയില്‍ മണല്‍ കയറ്റിയ ലോറിയിടിച്ചാണ് അപകടം.ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. മുംബൈയിലെ പൂനയില്‍ കാന്റീന്‍ നടത്തുന്ന ഹെറാള്‍ഡ് മെന്തേരോ, ഭാര്യ പ്രസില്ല, സഹോദരങ്ങളും ഭാര്യമാരും മക്കളും അടങ്ങിയ കുടുംബമാണ് തീര്‍ഥയാത്ര പോയത്. ഇന്നലെ രാവിലെ തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പെട്ടത്. വൃദ്ധനായ പിതാവ് ബെഞ്ചമിന്‍, മാതാവ് മേരി എന്നിവരെ തനിച്ചാക്കിയാണ് ഒരു കുടുംബത്തിലെ മൂന്നുസഹോദരങ്ങളടക്കം ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചത്. പുതുതായി നിര്‍മിച്ച വീട്ടില്‍ അടുത്തിടെയാണ് താമസം തുടങ്ങിയത്. ഇവിടെയാണ് കല്ല്യാണവും നടന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ മംഗളൂരുവിലെത്തിച്ചു. ഇവിടെ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെ മണ്ടേക്കാപ്പിലെ വീട്ടില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം കയ്യാര്‍ ക്രൈസ്ത് ചര്‍ച്ച അങ്കണത്തില്‍ സംസ്‌കാരം നടത്തും. അപകട വിവരമറിഞ്ഞ് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അര്‍ഷാദ് വോര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ഹമീദ് ബന്തിയോട്, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സെഡ് എ കയ്യാര്‍, മുഹമ്മദ് റോഡകം തുടങ്ങി നിരവധി പേര്‍ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
Next Story

RELATED STORIES

Share it