thrissur local

ഏഴു പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം രൂക്ഷം: ഏനാമാവ് റെഗുലേറ്ററിന്റെ 10 ഷട്ടറുകള്‍ തുറന്നു

പാവറട്ടി: കോള്‍ പടവുകളെയും പുഴയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏനാമാവ് റെഗുലേറ്ററിന്റെ 10 ഷട്ടറുകള്‍ തുറന്നു. മണലൂര്‍, അന്തിക്കാട്, ആലപ്പാട്, ചേര്‍പ്പ് മേഖലകളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് റഗുലേറ്ററിലെ 16 ഷട്ടറുകളില്‍ 10 എണ്ണം തുറന്നത്. ചാഴൂര്‍, ചേര്‍പ്പ്, കാട്ടൂര്‍, താന്ന്യം, അന്തിക്കാട്, അരിമ്പൂര്‍, മണലൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലെ മഴവെള്ളം കടലിലേക്ക് ഒഴുക്കി കളയാന്‍ ഉള്ള ഏക മാര്‍ഗ്ഗമാണ് ഏനാമ്മാവ് റെഗുലേറ്റര്‍.
ഈ മേഖലകളിലെ വീടുകളില്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമാവുകയും റോഡുകളില്‍ വെള്ളം നിറഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച മുതല്‍ ഏനാമാവ് റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. ഷട്ടറുകള്‍ കൈകൊണ്ട് തിരിച്ച് തുറക്കുന്ന രീതിയായതിനാലാണ് കാലതാമസം നേരിട്ടത്. വടക്കേ കോഞ്ചിറ പടവ്, മണലൂര്‍ താഴം പടവ്, തെക്കേ കോഞ്ചിറ പടവ്, എന്നിവിടങ്ങളിലെ കോള്‍ ബണ്ടുകള്‍ കനത്ത വെള്ളകെട്ടില്‍ തകര്‍ച്ചാഭീഷണിയിലായിരുന്നു. ഉപ്പുവെള്ളം കയറാതിരിക്കാനായി നിര്‍മിച്ചിരുന്ന താല്‍കാലിക വളയം കെട്ട് പൂര്‍ണമായും പൊട്ടിച്ചിട്ടില്ല. കോള്‍ മേഖലകളില്‍ ഇപ്പോഴും ശക്തമായ വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ഇറിഗേഷന്‍ വകുപ്പ് അധികതര്‍ മുനയം ബണ്ട് പൊട്ടിച്ചതായി പറഞ്ഞിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിതെന്നാണ് ആരോപണം. കുറച്ചു ഭാഗം മാത്രമേ പൊളിച്ചിട്ടുള്ളൂ.
ഗതാഗതം നിരോധിച്ച പുള്ള് മനക്കൊടി റോഡില്‍ പാലങ്ങള്‍ക്കു താഴെ ചണ്ടിയും, കുളവാഴയും നിറഞ്ഞു നില്‍ക്കുകയാണ്. ഇവ ഇതുവരെ നീക്കം ചെയ്യാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. മനക്കൊടി-പുള്ള് റോഡിലും, ചേര്‍പ്പ്-തൃപ്രയാര്‍ റോഡിലും ഗതാഗതം നിര്‍ത്തിവയ്പ്പിക്കേണ്ടി വന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ഒരു വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ മഴ പെയ്ത സമയത്തും ചിമ്മിനി ഡാമും, പീച്ചി ഡാമും തുറന്നു വിട്ട സമയത്തു പോലും ഇതുപോലെ വെള്ളം കയറിയിട്ടില്ല. വളയം കെട്ട് സംരക്ഷിക്കാനെന്ന പേരില്‍ ഏനാമാവ് റെഗുലേറ്ററിലെ മുഴുവന്‍ ഷട്ടറുകള്‍ തുറക്കാത്തതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.
ജില്ലയിലെ ഏഴു പഞ്ചായത്തുകളില്‍ വെള്ളപ്പൊക്കത്തിനു കാരണം ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലാ വിജയകുമാര്‍ പറഞ്ഞു. നാടാകെ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ പരിഹാരമായി അധികൃതര്‍ക്ക് ചെയ്യാനായത് ഏനാമ്മാവ് റെഗുലേറ്ററിലെ 16 ഷട്ടറുകളില്‍ 10 എണ്ണം തുറന്നു എന്നതാണ്.
ഷട്ടറിനപ്പുറത്തെ 200 മീറ്റര്‍ വളയം കെട്ട് 30 മീറ്റര്‍ മാത്രമേ പൊട്ടിക്കാന്‍ സാധിച്ചുള്ളൂ. ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥയാണ് ജനങ്ങളെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചതെന്നും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it