palakkad local

ഏഴു ജോഡി ഇരട്ടകള്‍ക്കും മിന്നും ജയം: ആനക്കര സ്‌കൂളിന് അഭിമാന നിമിഷം

സി കെ ശശി ചാത്തയില്‍

ആനക്കര: ഏഴ് ഇരട്ടകളിലൂടെ ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എസ്എസ്എല്‍സിക്ക് 97.15 ശതമാനത്തോടെ രണ്ടാം സ്ഥാനം. നാലു വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. എച്ച് രഞ്ജിത, യു ഹാഷിറ ബഷീര്‍, പി ജിഷ്ണു, എം പ്രവീണ എന്നിവര്‍ ഫുള്‍ എ പ്ലസ് നേടി ആനക്കരക്ക് അഭിമാനമായപ്പോള്‍, സുബിമോള്‍, അനീഷ, ഫാത്തിമ, സൈദ എന്നിവര്‍ 9 എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമുയര്‍ത്തി. ഇതിന് പുറമെ സ്‌കൂളില്‍ ഇത്തവണ പരീക്ഷ എഴുതിയ ഏഴ് ഇരട്ടകളും മിന്നുന്ന വിജയം നേടി.
പത്താം ക്ലാസില്‍ മാത്രമല്ല എട്ടിലും ഒന്‍പതിലും ഇരട്ടകുട്ടികള്‍ നിരവധിയുണ്ട്. ആദ്യമായാണ് പത്താം ക്ലാസ് പരീക്ഷയില്‍ ഇത്രയേറെ ഇരട്ടകുട്ടികള്‍ പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും. പഠനത്തി ല്‍ മാത്രമല്ല കലാ, കായിക മല്‍സരങ്ങളിലും ഇരട്ടകളുടെ സാന്നിധ്യമുണ്ട്. പാലപ്ര പടിക്കപ്പറമ്പില്‍ ജയരാജന്‍-സരസ്വതി ദമ്പതികളുടെ മക്കളായ അജ്ഞന, അക്ഷയ് എന്നിവര്‍ പത്ത് എഫ് ക്ലാസിലും ആനക്കര ചാത്ത് പറമ്പില്‍ ചന്ദ്രന്‍-മാളു ദമ്പതികളുടെ മക്കളായ ലിഥുന, മിഥുന എന്നിവര്‍ പത്ത് ബി ക്ലാസിലും മേലേഴിയം നെല്ലിക്കുന്നത്ത് ബാലന്‍-ജ്യോതി ദമ്പതികളുടെ മക്കളായ ജോല്‍സ്‌ന, ജോസ്‌ന എന്നിവര്‍ പത്ത് സി ക്ലാസിലും മേലേഴിയം പാലത്തിങ്കല്‍ അബ്ദുള്‍ ലത്തീഫ്-സുഫൈറ ദമ്പതികളുടെ മക്കളായ റഫ്‌ന ജാസ്മിന്‍, മുഹമ്മദ് റൗഫ് എന്നിവര്‍ പത്ത് എ ക്ലാസിലും പാലപ്ര കിഴക്കീട്ട് വളപ്പില്‍ ഹസ്സന്‍കുട്ടി-സുലൈഖ ദമ്പതികളുടെ മക്കളായ ഹര്‍ഷാദ്, ഫിറോഷ എന്നിവര്‍ പത്ത് ബി ക്ലാസിലും ആനക്കര കാട്ടില്‍ പറമ്പില്‍ ശിവന്‍-അജിത ദമ്പതികളുടെ മക്കളായ ആദര്‍ശ് ശിവന്‍, അശ്വന്‍ ശിവന്‍ എന്നിവര്‍ പത്ത് സി ക്ലാസിലും ചേക്കോട് കുന്നംപാടത്ത് അബ്ദുസമദ്-റിഷ്മ ദമ്പതികളുടെ മക്കളായ അസദ്‌റഹ്മാന്‍, സഹദ്‌റഹ്മാന്‍ എന്നിവര്‍ പത്ത് ബി ക്ലാസിലും പഠിച്ചുകൊണ്ടാണ് ഇത്തവണ പരീക്ഷ എഴുതി വിജയിച്ചത്.
ഈ ഇരട്ടകള്‍ക്ക് പ്ലസ് വണ്ണിനും ഇവിടെ ചേര്‍ന്ന് പഠിക്കണമെന്നാണ് ആഗ്രഹം. 316 പേര്‍ പരീക്ഷ എഴുതിയതില്‍ 307 പേരും വിജയിച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികള്‍ക്കും പിന്നാക്കം നില്‍ക്കുന്ന വിഷയങ്ങളില്‍ പ്രത്യേകം ക്ലാസുകളും ഇത്തവണയും നടന്നിരുന്നു. മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ രണ്ട് ജില്ലകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയതമാനമുള്ള സര്‍ക്കാര്‍ സ്‌കൂളാണിത്. ഇത്തവണ സബ് ജില്ലയില്‍ മികച്ച നേട്ടവുമായി രണ്ടാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it