Kerala

ഏഴു ജില്ലകളില്‍ ജനം വിധിയെഴുതി ; 76.20% പോളിങ്

നിഷാദ്  എം  ബഷീര്‍

തിരുവനന്തപുരം: ഏഴു ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 76.20 ശതമാനം പോളിങ്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 81.58 ശതമാനം പേര്‍ ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറവ് തിരുവനന്തപുരത്താണ്- 69 ശതമാനം. അന്തിമ കണക്ക് വന്നിട്ടില്ലാത്തതിനാല്‍ നേരിയ മാറ്റമുണ്ടാവാം. 2010ലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2010ല്‍ 75.33 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.

ജില്ലകള്‍ തിരിച്ചുള്ള പോളിങ് ശതമാനത്തിന്റെ കണക്ക്. ബ്രാക്കറ്റില്‍ 2010ലെ പോളിങ് ശതമാനം. തിരുവനന്തപുരം- 69 (69.27), കൊല്ലം- 73.67 (73.58), ഇടുക്കി- 80.85 (76.99), കോഴിക്കോട്- 77.34 (76.99), കണ്ണൂര്‍- 73.65 (79.48), കാസര്‍കോട്-77.31 (77.68), വയനാട്- 81.58 (79.78). കോര്‍പറേഷനുകളില്‍ 67.95 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 78.49 ശതമാനവും ത്രിതലപഞ്ചായത്തുകളില്‍ 77.03 ശതമാനവുമാണ് ശരാശരി പോളിങ്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന കോര്‍പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം കോഴിക്കോടാണ് (74.93).

തിരുവനന്തപുരത്ത് 60ഉം കൊല്ലത്ത് 69.12ഉം കണ്ണൂരില്‍ 67.73ഉം ശതമാനമാണ് പോളിങ്. രാത്രി 9.30 വരെയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. രാവിലെ സംസ്ഥാനത്ത് വ്യാപകമായി പെയ്ത കനത്ത മഴ പോളിങ് ശതമാനം കുറയ്ക്കുമെന്നു കരുതിയിരുന്നെങ്കിലും മഴ മാറിയതോടെ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലേക്കെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴയെത്തുടര്‍ന്ന് മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. കൊല്ലം ജില്ലയിലാണ് വോട്ടെടുപ്പിനെ മഴ കൂടുതല്‍ ബാധിച്ചത്.

മഴയെ അവഗണിച്ച് പ്രായമായവരും വികലാംഗരുമടക്കം നിരവധി പേര്‍ വോട്ടു ചെയ്യാനെത്തി. അങ്ങിങ്ങുണ്ടായ അക്രമങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, വോട്ടെടുപ്പ് നടന്ന ഏഴു ജില്ലകളിലും ഏതാനും മെഷീനുകള്‍ തകരാറിലായത് പോളിങ് തടസ്സപ്പെടുത്തി. പ്രാഥമിക വിവരം അനുസരിച്ച് ഗ്രാമപ്പഞ്ചായത്തുകളില്‍ 12 ബൂത്തുകളും നഗരസഭകളില്‍ അഞ്ച് ഇടങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായതുമൂലം പുതിയ മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.

കണ്ണൂര്‍ പരിയാരത്ത് അഞ്ച്, ആറ് വാര്‍ഡുകളില്‍ വെബ്കാസ്റ്റിങ് കാമറ തകര്‍ത്തതിനെത്തുടര്‍ന്ന് പോളിങ് അരമണിക്കൂറോളം നിര്‍ത്തിവച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇടതു സ്ഥാനാര്‍ഥികള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷമീം, കൊല്ലം പെരിനാട് 18ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലെറ്റസ് ജെറോം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആനാട് ബൂത്തിനു മുന്നില്‍ വോട്ടു ചോദിക്കുന്നതിനിടെ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നവരുമായുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലത്ത് ബൈക്കുകളിലെത്തിയ സംഘം ലെറ്റസിനെ അടിക്കുകയായിരുന്നുവെന്നാണ് പരാതി. ആര്‍എസ്എസുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എന്നാല്‍, സംഭവവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി രേഷ്മ ഗോപനെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നു പരാതിയുണ്ട്. രേഷ്മ ഒന്നാം ബൂത്തില്‍ റീപോളിങ് ആവശ്യപ്പെട്ട് പ്രിസൈഡിങ് ഓഫിസര്‍ക്കു പരാതി നല്‍കി.

കണ്ണൂര്‍ എരമംപുത്തൂരിലെ 15ാം വാര്‍ഡിലെ യുഡിഎഫ് ബൂത്ത് ഏജന്റ് മന്‍സൂറിനെ തട്ടിക്കൊണ്ടുപോയതായും ആരോപണമുയര്‍ന്നു. കൊല്ലം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ മുസ്‌ലിം എല്‍പിഎസില്‍ പോലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പോലിസ് ലാത്തിവീശി ഓടിച്ചു.
Next Story

RELATED STORIES

Share it