Districts

ഏഴു ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണത്തിനു വിരാമം കുറിച്ച് ഇന്നു കൊട്ടിക്കലാശം നടക്കും. കണ്ണൂരില്‍ വൈകീട്ട് 3 മണിക്കും മറ്റുള്ള ആറു ജില്ലകളില്‍ 5 മണിക്കുമാണ് പ്രചാരണം അവസാനിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കുന്നതു സംസ്ഥാനത്ത് ആദ്യമായാണ്. ഈ മാസം 3നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനും പ്രചാരണത്തിനുമായി 28 ദിവസം മാത്രമാണ് ഇവിടങ്ങളില്‍ ലഭിച്ചത്. മുന്‍കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി കേന്ദ്ര-സംസ്ഥാന വിഷയങ്ങള്‍ പ്രചാരണത്തില്‍ സജീവ ചര്‍ച്ചയായി. മാട്ടിറച്ചി വിവാദം, വര്‍ഗീയത, മുന്നണികളെ ആര് നയിക്കുമെന്ന ചര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ നിന്നു ബാര്‍ കോഴയിലേക്കാണ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അവസാന നിമിഷം വീണുകിട്ടിയ കോടതിവിധിയില്‍ നിന്നു പരമാവധി നേട്ടമുണ്ടാക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ യുഡിഎഫ് നേതൃത്വം പ്രതിരോധത്തിലാണ്. വിവിധ മണ്ഡലങ്ങളില്‍ മുന്നണികള്‍ക്ക് എസ്ഡിപിഐ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ആദ്യ ഘട്ടത്തില്‍ എസ്എന്‍ഡിപി-ബിജെപി ബന്ധത്തിനെതിരേ ശക്തമായ പ്രചാരണവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെയാണ് പ്രചാരണത്തിനു കേന്ദ്രീകൃത സ്വഭാവം കൈവന്നത്. തുടര്‍ന്ന് മൈക്രോഫിനാന്‍സ് തട്ടിപ്പ്, ശാശ്വതീകാനന്ദയുടെ മരണം എന്നീ വിഷയങ്ങളുയര്‍ത്തി വി എസ് അച്യുതാനന്ദനും വേദികളില്‍ സജീവമായതോടെ പ്രചാരണത്തിനു ചൂടുപിടിച്ചു.
പിന്നീട് മോദി സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയും വര്‍ഗീയതയും മാട്ടിറച്ചി വിവാദവും ചര്‍ച്ചയായി. ദാദ്രി കൊലപാതകം, കേരള ഹൗസ് റെയ്ഡ് എന്നിവ ഇരുമുന്നണികളും ചര്‍ച്ചാവിഷയമാക്കി. ഇതോടെ മൂന്നാം മുന്നണിയുമായി നേട്ടമുണ്ടാക്കാനെത്തിയ ബിജെപി പ്രതിരോധത്തിലായി.
മുസ്‌ലിംലീഗിന്റെ മതേതരസ്വഭാവം സംബന്ധിച്ച പിണറായി വിജയന്റെയും കാനം രാജേന്ദ്രന്റെയും പരസ്പരവിരുദ്ധ പരാമര്‍ശങ്ങളും വാര്‍ത്തയായെങ്കിലും ശക്തമായ പ്രചാരണവിഷയമായില്ല. ഇതിനിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന ചര്‍ച്ച ഇരുമുന്നണികളിലും കല്ലുകടിയായത്.
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തുടരന്വേഷണം വേണമെന്ന കോടതിവിധി വന്നതോടെ പ്രചാരണം യുഡിഎഫ് അഴിമതിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. അവസാന ദിവസങ്ങളില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി പരമാവധി നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഇരുമുന്നണികളും.
Next Story

RELATED STORIES

Share it