wayanad local

ഏഴു ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍ ബത്തേരി: മൈനിങ് ആന്റ് ജിയോളജി കോ-ഓപറേറ്റീവ് സൊസൈറ്റിയും ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും നടത്തുന്നതുള്‍പ്പെടെയുള്ള ഏഴു റവന്യൂ ക്വാറികളില്‍ നിന്ന് സര്‍ക്കാരിലേക്ക് സീനിയറേജ് അഥവാ റവന്യു പാട്ടമായി അടയ്ക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പാട്ടം ലഭിക്കാനുള്ളത്. അമ്പലവയല്‍ ക്വാറി മേഖലയില്‍ ആയിരംകൊല്ലി, മഞ്ഞപ്പാറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ചവരുത്തിയത്. 1,37,08,625 രൂപയാണ് ഈ ക്വാറികള്‍ അടയ്‌ക്കേണ്ടത്. ആയിരംകൊല്ലിയില്‍ മൈനിങ് ആന്റ് ജിയോളജി കോ-ഓപറേറ്റീവ് സൊസൈറ്റി നടത്തുന്ന ക്വാറിയില്‍ നിന്ന് റവന്യൂ പാട്ടമായി അടയ്ക്കാനുള്ളത് 49,37,500 രൂപയാണ്. ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ യൂസുഫിന്റെ ക്വാറിയില്‍ നിന്ന് പാട്ടത്തുകയായി 14,81,250 രൂപ സര്‍ക്കാരിന് ലഭിക്കണം. ആയിരംകൊല്ലി പള്ളിപ്പറമ്പില്‍ വീട്ടില്‍ പി പി ജോസഫിനാണ് കൂട്ടത്തില്‍ ഏറ്റവും കുറവ് പാട്ടക്കുടിശ്ശിക- 10,36,875 രൂപ. മണിമലത്താഴത്ത് എം ഡി ബേബി, മഞ്ഞപ്പാറ ചാമക്കാലായില്‍ സി ലൂക്ക്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, ചെള്ളപ്പറമ്പത്ത് സി മൊയ്തീന്‍ എന്നിവര്‍ നടത്തുന്ന ക്വാറികളില്‍ നിന്ന് 14, 82, 250 രൂപ വീതം അടയ്ക്കാനുണ്ട്. 2015 ജനുവരി മുതല്‍ ആഗസ്ത് 30 വരെയുള്ള കുടിശ്ശികയാണിത്. പാട്ടം അടയ്ക്കാനാവാശ്യപ്പെട്ട് ആദ്യം വില്ലേജ് ഓഫിസറും പിന്നീട് ജില്ലാ കലക്ടറും ക്വാറി നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവരെല്ലാം തന്നെ വീഴ്ചവരുത്തിയതോടെയാണ് ഈ മാസം ഒന്നു മുതല്‍ ക്വാാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് കലക്ടര്‍ ഉത്തരവിറക്കിയത്. അമ്പലവയല്‍ മേഖലയില്‍ 17ഓളം റവന്യൂ ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക ക്വാറികളും റവന്യൂ പാട്ടക്കുടിശ്ശിക അടക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാട്ടക്കുടിശ്ശിക തീര്‍ക്കാത്ത മറ്റ് ക്വാറികള്‍ക്കെതിരേയും ഉടന്‍ നടപടിയുണ്ടാവുമെന്നാണ് സൂചന. അതേസമയം, നടപടിക്ക് വിധേയമായ ക്വാറികള്‍ അടച്ചുപൂട്ടുന്നത് കരിങ്കല്‍ ക്ഷാമത്തിന് ഇടവരുത്തിയേക്കും. നേരത്തെ 12.50 രൂപയയിരുന്ന റവന്യൂ പാട്ടം 2015 ഫെബ്രുവരിയിലാണ് 1,000 രൂപയാക്കി ഉയര്‍ത്തിയത്. ഒരു ലോഡ് കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് റവന്യൂ പാട്ടമായി 1,000 രൂപ ഈടാക്കിയാണ് ക്വാറി നടത്തിപ്പുകാര്‍ വില്‍പന നടത്തുന്നതും. പാട്ടം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച നിരക്കില്‍ പിരിച്ചെടുക്കുന്നതില്‍ വീഴ്ചവരുത്തിയതിന് അമ്പലവയല്‍ വില്ലേജ് ഓഫിസറെ സ്ഥലംമാറ്റിയിരുന്നു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ മൂന്നാം വാരത്തോടെയാണ് ജില്ലയില്‍ റവന്യൂ ക്വാറികള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്.
Next Story

RELATED STORIES

Share it