ernakulam local

ഏഴു ക്യാംപുകളിലായി 4674 പേര്‍

കൊച്ചി: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 7 ക്യാംപുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാംപുകളില്‍ ഉള്ളത്. എടവനക്കാട് ക്യാംപില്‍ 38 കുടുംബങ്ങളിലെ 164 പേരും ചെല്ലാനം സെന്റ്. മേരീസില്‍ 403 കുടുംബങ്ങളിലെ 1200 പേരുമാണുള്ളത്. പുത്തന്‍തോട് ഗവ. എച്ച്എസ്എസില്‍ 131 കുടുംബങ്ങളിലെ 494 പേരും സെന്റ്. ഫ്രാന്‍സിസ് പാരിഷ്ഹാളില്‍ 200 കുടുംബങ്ങളിലെ 800 പേരും  നായരമ്പലം ദേവിവിലാസം സ്‌കൂളില്‍ 421 കുടുംബങ്ങളിലായി 1846 പേരുമാണുള്ളത്. ഞാറയ്ക്കല്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ 42 കുടുംബങ്ങളിലെ 110 അംഗങ്ങളാണുള്ളത്. ചെല്ലാനം സെന്റ്. ജോര്‍ജ് ചര്‍ച്ച് പാരിഷ്ഹാളില്‍ 19 കുടുംബങ്ങളിലെ 60 അംഗങ്ങള്‍ ഉണ്ട്. ക്യാംപുകളില്‍ സൗജന്യഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍  അറിയിച്ചു. വനിതാ പോലിസ് അടക്കമുള്ള സേവനങ്ങളും ക്യാംപുകളില്‍ ലഭ്യമാണ്. പുതപ്പുകളും ക്യാംപിലുള്ളവര്‍ക്ക് ലഭ്യമാക്കി. ജില്ലാ കലക്ടറും ഉന്നത ഉദ്യോഗസ്ഥരും ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. സബ്കലക്ടര്‍ ഇമ്പശേഖര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം കെ കബീര്‍, ഡപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഷീലാദേവി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്് എന്നിവരും ക്യാംപുകളിലെത്തി. തഹസില്‍ദാര്‍മാര്‍ക്കാണ് ക്യാംപുകളുടെ ചുമതല നല്‍കിയിരിക്കുന്നത്.രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. നാലുപേരെ പറവൂര്‍ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെല്ലാം ഇതര ജില്ലക്കാരാണ്. കൊല്ലം തിരുവനന്തപുരം നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  മല്‍സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വാഹന സൗകര്യമടക്കമുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ട്. എല്ലാ താലൂക്ക് ഓഫിസുകളും തീരപ്രദേശത്തുള്ള വില്ലേജ് ഓഫിസുകളും രാത്രിയിലും പ്രവര്‍ത്തിക്കും. ക്യാംപുകളുടെ പരിസരത്തും തീരപ്രദേശത്തും രാത്രിയില്‍ പോലിസ് പട്രോളിങ് ഉണ്ടായിരിക്കും. ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകളില്‍ രജിസ്റ്റര്‍ ചെയ്ത മല്‍സ്യബന്ധനയാനങ്ങളോ ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായതായി റിപോര്‍ട്ടുകളില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 365 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ മുഴുവനായി തകര്‍ന്നു. 75 നാടന്‍ വള്ളങ്ങള്‍ ഭാഗികമായി നശിച്ചതായും 200 വലകള്‍ നഷ്ടപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 4 വരെ കടലില്‍ മല്‍സ്യബന്ധനത്തിന് പോവരുതെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it