kannur local

ഏഴിമല മാലിന്യ വിരുദ്ധ സമരം ഒത്തുതീര്‍ന്നു



പയ്യന്നൂര്‍: രാമന്തളിയില്‍ ജനജീവിതം ദുസ്സഹമാക്കുന്ന ഏഴിമല നാവിക അക്കാദമിയിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി മൂന്നുമാസത്തോളമായി അക്കാദമി ഗേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. നാവിക അക്കാദമി കമാന്‍ഡന്റ്എസ് വി ബൊകാറെയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍ ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് നടപടി. സമിതി മുന്നോട്ടുവച്ച വികേന്ദ്രീകൃത മാലിന്യസംസ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ തത്വത്തില്‍ അധികൃതര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് അക്കാദമി അധികൃതര്‍ ഇന്നുരാവിലെ അന്തിമ തീരുമാനം കൈക്കൊള്ളും. ഡെപ്യൂട്ടി കമാന്‍ഡന്റ് എം സി സുരേഷ്, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ്‌കുമാര്‍, ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ ആര്‍ കുഞ്ഞികൃഷ്ണന്‍, കെ പി രാജേന്ദ്രന്‍, പി കെ നാരായണന്‍, കൊടക്കല്‍ ചന്ദ്രന്‍, വിനോദ് കുമാര്‍ രാമന്തളി, സുനില്‍ രാമന്തളി, കെ പി ഹരിഷ് കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് മുമ്പായി നാവിക അക്കാദമി അധികൃതര്‍ അനിശ്ചിതകാല സമരപ്പന്തലിലെത്തി നിരാഹാരം നടത്തിവരുന്ന കെ പി പരമേശ്വരിയെ സന്ദര്‍ശിച്ചു. സമരം ശക്തമായതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മുഖ്യന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ ചെയര്‍മാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ കണ്‍വീനറുമായി അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഏപ്രില്‍ 29ന് സംഘം പഠനങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, റിപോര്‍ട്ട് നിരാശാജനകമാണെന്നും ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് രാമന്തളി പഞ്ചായത്ത് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കുകയുണ്ടായി. പ്ലാന്റും ജനവാസകേന്ദ്രത്തിലെ കിണറും തമ്മിലുള്ള അകലം കേവലം 12 മീറ്റര്‍ മാത്രമാണെന്നും നിശ്ചിത കാലപരിധിക്കുള്ളില്‍ പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാനുള്ള തീരുമാനം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. 2013ലും 2017ലും സംസ്ഥാന മലിനീകരണ ബോര്‍ഡ് ഇറക്കിയ നോട്ടീസ് പ്രകാരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നാവിക അക്കാദമിക്ക് അധികാരമില്ലെന്ന് ഹരിത ട്രൈബ്യൂണലും വിധിച്ചു. കൂടാതെ, പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനിലും നാവിക അക്കാദമിക്കെതിരേ കേസ് നിലനില്‍ക്കുകയാണ്. നാവിക അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ് നടക്കുന്ന 26, 27 തിയതികളില്‍ രാമന്തളി പഞ്ചായത്തില്‍ കരിദിനം ആചരിക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു. 26ന് രാവിലെ മുതല്‍ രാമന്തളി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന പുന്നക്കടവ്, പുതിയ പുഴക്കര, മുട്ടം പാലങ്ങളില്‍ പ്രതിഷേധം നടത്താനായിരുന്നു തീരുമാനം. പരേഡ് ദിനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഡറ്റുകളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ അക്കാദമിയില്‍ എത്തിച്ചേരും. പ്രധാന പാലങ്ങള്‍ ഉപരോധിച്ചു രാവിലെ മുതല്‍ നടക്കുന്ന സമരം ഇവരെയെല്ലാം ബാധിക്കും. ഈ സാഹചര്യത്തിലാണ് നാവിക അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.
Next Story

RELATED STORIES

Share it