kannur local

ഏഴിമല മാലിന്യവിരുദ്ധ പ്രക്ഷോഭം 78ാം ദിവസത്തിലേക്ക് ; സമരക്കാര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുള്ള ജലം പരിസരത്തെ ജനജീവിതം ദുസ്സഹമാക്കുമ്പോഴും അധികൃതര്‍ അനാസ്ഥ തുടരുകയാണെന്നാരോപിച്ച് ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാമന്തളി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ  സമരപ്പന്തലില്‍ നിന്നു പ്രവര്‍ത്തകര്‍ പ്രകടനവുമായി പഞ്ചായത്ത് ഓഫിസ് പരിസരത്തെത്തി. സമരക്കാരെ ഓഫിസ് ഗേറ്റിനു മുന്നില്‍ എസ്‌ഐ ബിനോയിയുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബലം പ്രയോഗിച്ചതോടെ പോലിസ് ഗേറ്റ് തുറന്ന് സമരക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെ പി സി നാരായണ പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. പി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. എ നാരായണന്‍, വിനോദ് കുമാര്‍ രാമന്തളി, ടി മാധവന്‍, ഇ സി ഭാസ്‌കരന്‍, ചന്ദ്രന്‍ കൊടക്കല്‍, കെ പി രാജേന്ദ്രന്‍ സംസാരിച്ചു. ഉച്ചയോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. നാവിക അക്കാദമിയിലെ മാലിന്യസംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അക്കാദമി ഗേറ്റിനു മുന്നില്‍ കഴിഞ്ഞ 77 ദിവസമായി അനിശ്ചിതകാല സമരം നടന്നുവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ യാതൊന്നും ചെയ്തില്ലെന്നാണ് ആരോപണം. ഇക്കഴിഞ്ഞ 12ന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നില്ല.
Next Story

RELATED STORIES

Share it