kannur local

ഏഴിമല മാലിന്യപ്രശ്‌നം : മനുഷ്യാവകാശ കമ്മീഷന് റിപോര്‍ട്ട് സമര്‍പ്പിച്ചു



കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച പരാതിയില്‍ ജില്ലാ കലക്ടര്‍, ജില്ലാപോലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അക്കാദമി കമാന്‍ഡന്റ്, രാമന്തളി പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്്റ്റിങ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹനദാസിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങിലായിരുന്നു നടപടി. ആക്ഷേപം ബോധിപ്പിക്കുന്നതിനായി റിപോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനു കൈമാറിയ ശേഷം കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. നാവിക അക്കാദമിയിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റില്‍നിന്നുള്ള അഴുക്കുവെള്ളം സമീപപ്രദേശത്തെ കിണറുകളില്‍ പടരുന്നുവെന്നാണ് രാമന്തളി നിവാസികളുടെ പരാതി. പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഒരുമാസം മുമ്പാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹന്‍ദാസ് വിശദീകരണം തേടി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചത്. മാധ്യമവാര്‍ത്തകള്‍ പരിശോധിച്ച കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരണപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ്  മട്ടന്നൂര്‍ ശിവപുരത്തെ അബൂട്ടിയുടെ പരാതിയില്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാവാന്‍ എറണാകുളം ഡിവൈഎസ്പി, ക്രൈംബ്രാഞ്ച്, സിഐഡി വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ഡിജിപി മുഖേന സമന്‍സ് അയക്കും. എംപ്ലോയീസ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്ക് മികച്ച വൈദ്യസഹായം ലഭിക്കുന്നതിന് എന്‍എബിഎച്ച് അംഗീകാരമുള്ള ആശുപത്രികളുടെ അഭാവമുള്ളതിനാല്‍ തോട്ടടയിലെ ഇഎസ്‌ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ധര്‍മന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഇഎസ്‌ഐ ജോയിന്റ് ഡയറക്ടറില്‍നിന്ന് റിപോര്‍ട്ട് തേടാനും കമ്മീഷന്‍ ഉത്തരവിട്ടു. സിറ്റിങില്‍ 41 കേസുകള്‍ പരിഗണിച്ചു. 4 എണ്ണത്തില്‍ തീര്‍പ്പായി. ശേഷിക്കുന്നവ തുടര്‍നടപടികള്‍ക്കായി മാറ്റി.
Next Story

RELATED STORIES

Share it